പ്രതിഭയും തമ്പിയും ഔട്ട്

Tuesday 13 October 2015 8:34 pm IST

ആലപ്പുഴ: നിലവിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിക്കും വൈസ്പ്രസിഡന്റ് തമ്പി മേട്ടുതറയ്ക്കും ഇടതുമുന്നണി സീറ്റ് നിഷേധിച്ചു. അഴിമതി ആരോപണം നേരിട്ടതും തമ്മിലടിയുമാണ് പ്രതിഭയ്ക്ക് വിനയായത്. ജന്‍ഡര്‍പാര്‍ക്ക് നിര്‍മാണത്തില്‍ പ്രതിഭാഹരിക്കെതിരെ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചത് തമ്പി മേട്ടുതറയും സിപിഐയുമാണ്. ഇതിന്റെ പേരില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നേരത്തെ നടന്നത്. ഒടുവില്‍ പ്രതിഭയെ സിപിഎം സംരക്ഷിക്കുകയായിരുന്നു. ഭരണത്തിന്റെ തുടക്കം മുതല്‍ ഇരുവരും വിവിധ വിഷയങ്ങളുടെ പേരില്‍ ഏറ്റുമുട്ടിയിരുന്നു. കാര്യമായ നേട്ടങ്ങള്‍ കഴിഞ്ഞ ഭരണത്തില്‍ ജില്ലാപഞ്ചായത്തിന് ഉണ്ടാക്കാനും കഴിഞ്ഞില്ല. സിപിഎമ്മിലെ കടുത്ത വിഭാഗീയതയും പ്രതിഭാഹരിക്ക് വിനയായി. ഐസക്ക് പക്ഷക്കാരിയായ പ്രതിഭയെ ജി.സുധാകരന് ആധിപത്യമുള്ള ഔദ്യോഗിക പക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തുകയായിരുന്നു. പ്രതിഭാ ഹരിക്ക് കരുവാറ്റ ഡിവിഷനില്‍ സീററ് നല്‍കുമെന്ന് ആദ്യം പ്രചരണം ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പക്ഷം യാതൊരു ദയയും കാണിച്ചില്ല. അഴിമതിക്കെതിരെ പോരാട്ടം നടത്തിയെന്ന പരിവേഷവുമായെത്തിയ തമ്പിക്കും വിനയായത് സിപിഐയിലെ വിഭാഗീയതയാണ്. സിപിഎം മത്സരിക്കുന്ന 15 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും സ്ഥാനാര്‍ത്ഥികള്‍ ചുവടെ അരൂര്‍-ദലീമ ജോജോ, പൂച്ചാക്കല്‍-പി.എം.പ്രമോദ്, പള്ളിപ്പുറം- സിന്ധു വിനു, കഞ്ഞിക്കുഴി- ജമീലാ പുരുഷോത്തമന്‍, ആര്യാട്- ജുമൈലത്ത്, വെളിയനാട്- കെ.കെ.അശോകന്‍, മാന്നാര്‍- വര്‍ഗ്ഗീസ് കെ. തോമസ് (സ്വതന്ത്രന്‍), മുളക്കുഴ- അഡ്വ.വി.വേണു, വെണ്മണി- ജബിന്‍ പി. വര്‍ഗ്ഗീസ്, നൂറനാട്- വിശ്വന്‍ പടനിലം, ഭരണിക്കാവ്- കെ.സുമ, കൃഷ്ണപുരം- ബീനാ അശോക്, മുതുകുളം- മിന്നി സില്‍സ്, കരുവാറ്റ- രമ്യ രമണന്‍, പുന്നപ്ര- ജി.വേണുഗോപാല്‍, മാരാരിക്കുളം- കെ.ടി.മാത്യു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.