രാമനും സീതയും ലക്ഷ്മണനോടൊപ്പം ചിത്രകൂടപര്‍വതം കാണുന്നു

Tuesday 13 October 2015 8:41 pm IST

ആ പര്‍വതം ഒന്നുകാണണമെന്ന് ആഗ്രഹിച്ച സീതയെ അന്ന് രാമലക്ഷ്മണന്മാര്‍ കാഴ്ചകള്‍ കാണാന്‍കൊണ്ടുപോയി. പലതരം വള്ളികള്‍, പലതരം മൃഗങ്ങളും സുഭിക്ഷമായ വനം. ആന, കരടി, കരിമ്പുലി തുടങ്ങിയ വന്യമൃഗങ്ങളും പക്ഷികളും ധാരാളം മാവ് ഞാവല്‍, മുരള്‍, പ്ലാശ്, നീര്‍മാതളം, ലന്ത, നെല്ലി, കടമ്പ് തുടങ്ങി എല്ലാത്തരം വൃക്ഷങ്ങളും കണ്ടു. ചിലത് പൂക്കുന്നത്, ചിലത് ഫലവൃക്ഷങ്ങള്‍.  ധാരാളം വെള്ളച്ചാട്ടങ്ങളും അരുവികളും കണ്ടു. അയോദ്ധ്യയിലെ വാസത്തെക്കാള്‍ സുന്ദരമാണ്. ഇവിടത്തെ വാസം എന്ന് രാമന്‍ അഭിപ്രായപ്പെടുന്നു. തൊട്ടടുത്ത് മന്ദാകിനി നദി. നാം ഗംഗയെന്നു വിളിക്കുന്ന മഹാനദി നിരവധി നദികളുടെ സങ്കരമാണ്. മന്ദാകിനിയില്‍ നിത്യവും മുനിമാര്‍ സ്‌നാനം ചെയ്യുന്നു. ഞാനിനി അയോദ്ധ്യയിലേക്ക് പോകാനാഗ്രഹിക്കുന്നില്ല എന്നാണ് രാമന്റെ അഭിപ്രായം. എത്രകാലം വേണമെങ്കിലും അയോദ്ധ്യയെക്കാള്‍ മനോഹരമായ ഈ സ്ഥലത്തു വസിക്കാം.