ഹിന്ദുഐക്യം രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നു : വെള്ളാപ്പള്ളി

Tuesday 13 October 2015 9:19 pm IST

മാവേലിക്കര: ഹിന്ദുഐക്യം രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാരാഴ്മ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യത്തിനെതിരെ ശബ്ദിക്കുന്നവര്‍ ഹൈറേഞ്ച് സംരക്ഷണസമിതിയും കാന്തപുരത്തിന്റെ പുതിയ പാര്‍ട്ടിയും നിലകൊള്ളുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. തൃശൂര്‍ രൂപത കത്തോലിക്ക ഗ്രൂപ്പ് ഉണ്ടാക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് നിരവധി കേരള കോണ്‍ഗ്രസുകള്‍ ഉള്ളപ്പോഴാണ് പുതിയ പാര്‍ട്ടി. ലീഗ് മതേതരപാര്‍ട്ടിയാണെന്ന് പറയുമ്പോള്‍ ഇതിനെ ഇടതുവലതു മുന്നണികള്‍ പിന്തുണയ്ക്കുന്നു. ഇവര്‍ക്കെല്ലാം വാരിക്കോരി നല്‍കി കഴിയുമ്പോള്‍ ഹിന്ദുക്കള്‍ക്ക് ബാക്കി ഒന്നുമില്ലാതാകുന്നു. ഹിന്ദുസംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണ്. എത്ര പീഡിപ്പിച്ചാലും നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഐക്യത്തില്‍ നിന്നും പിന്മാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാന്തപുരത്തിനെയും ലീഗിനെയും കേരള കോണ്‍ഗ്രസിനെയും മതേതരമായി കാണുന്നവര്‍ ഹിന്ദുസംഘടിക്കുമ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഭൂനിയമത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടപ്പോള്‍. ക്രിസ്ത്യാനികള്‍ക്ക് ഒരു തുണ്ടു ഭൂമിപോലും നഷ്ടപ്പെട്ടില്ല. ശാശ്വതീകാനന്ദ സ്വാമിയുടെ ജലസമാധിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്കു പോകും. തന്നെ എതിര്‍ക്കുന്നവര്‍ ഒരു കാലത്ത് ഒപ്പം നിന്ന് കബളിപ്പിച്ചിട്ട് പോയവരാണ്. തിന്മനിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ കൊള്ളമാത്രമാണ് നടക്കുന്നത്. കോടികളുടെ അഴിമതി നടക്കുന്നത് ചര്‍ച്ചയല്ല. നവരാത്രി കാലയളവില്‍ രാഷ്ട്രീയ മഹിഷാസുരന്മാരുടെ അഹങ്കാരം ഇല്ലാതാക്കാന്‍ ദുര്‍ഗയുടെ അവതാരമായി മാറാന്‍ ഹിന്ദുക്കള്‍ക്ക് കഴിയണമെന്നും ഹിന്ദു എന്ന് പറയുമ്പോള്‍ അഭിമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് ബി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അമൃതകീര്‍ത്തി പുരസ്‌ക്കാരം നേടിയ മുതുകുളം ശ്രീധറിനെ ചടങ്ങില്‍ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.