ബ്രഹ്മപുത്രയിലെ ചൈനയുടെ ജലവൈദ്യുത അണക്കെട്ടിന്റെ പ്രവര്‍ത്തനം തുടങ്ങി

Tuesday 13 October 2015 9:26 pm IST

ബീജിങ്: ബ്രഹ്മപുത്രയില്‍ ചൈനയുടെ ജല വൈദ്യുത അണക്കെട്ടിന്റെ പ്രവര്‍ത്തനം ഭാഗികമായി തുടങ്ങി. അണക്കെട്ട് ഭാരതത്തിന്റെ ജലവിതരണം അവതാളത്തിലാക്കുമെന്ന ഭീതിയുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 3,300 മീറ്റര്‍ ഉയരത്തിലുള്ളതും 1.5 ബില്ല്യണ്‍ ഡോളറിന്റെ സാങ്മു ജലവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനമാണ്  തുടങ്ങിയത്. ഇതിനോടനുബന്ധിച്ച അഞ്ച് പദ്ധതികള്‍ അടുത്തവര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്നും ബീജിങ്ങ് അറിയിച്ചു. ബ്രഹ്മപുത്രയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിലെ തങ്ങളുടെ ഉല്‍കണ്ഠ ഭാരതം ചൈനയെ പലതവണ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ജലവൈദ്യുതി നിര്‍മ്മാണത്തിനു വേണ്ടിമാത്രമായി രൂപകല്‍പ്പന ചെയ്ത അണക്കെട്ടിന് അപകടം തീരെയില്ലെന്നാണ് ചൈന സ്ഥിരമായി നല്‍കുന്ന മറുപടി. എന്നാല്‍ അരുണാചല്‍ പ്രദേശിലേക്കും ഭാരതത്തിന്റെ മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള നദിയുടെ ഒഴുക്ക് തടയും വിധമുള്ള ഒരു വമ്പന്‍ പദ്ധതിയാണ് ചൈനയുടേത്. യെര്‍ലൂംങ് സാംങ്‌ബോ എന്ന് ചൈനയില്‍ വിളിക്കപ്പെടുന്ന ബ്രഹ്മപുത്ര നദിയിലെ ജലവിഭവം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രദേശത്തെ വൈദ്യുത സംമ്പുഷ്ട പ്രദേശമാക്കിമാറ്റാന്‍ സാധിക്കുമെന്ന് ബീജിങ്ങ് അറിയിച്ചു. 510,000 കിലോ വാട്ട് വരെ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള വന്‍ പദ്ധതിയായാണ് ഞായറാഴ്ച്ച ചൈന ഈ പദ്ധതിയെ വിശദീകരിച്ചത്. വര്‍ഷത്തില്‍ 2.5 ബില്ല്യണ്‍മണിക്കൂര്‍ കിലോ വാട്ട് പദ്ധതിയിലൂടെ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ ഔദ്യോഗിക മാധ്യമം പറയുന്നു. നിലവില്‍ 1000 കിലോ വാട്ട്മണിക്കൂര്‍ മാത്രമാണ് ടിബറ്റിന്റെ മൊത്ത വൈദ്യുത ഉപഭോഗം ഇത് ചൈനയുടേതിന് മൂന്നിലൊന്നു മാത്രമാണെന്നും വാര്‍ത്ത ഏജന്‍സി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.