ആണവ കരാര്‍: ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

Tuesday 13 October 2015 9:30 pm IST

ടെഹ്‌റാന്‍: ആണവശക്തി രാജ്യങ്ങളുമായുള്ള ആണവ കരാറിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷം ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് ഹസന്‍ റൗഹാനി യുഎസ് അടക്കമുള്ള രാജ്യങ്ങളുമായി ഒപ്പിട്ട കരാറിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. യോഗത്തിനെത്തിയ 290 എംപിമാരില്‍ 250 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 161 പേര്‍ അനുകൂലിച്ചു, 59 പേര്‍ എതിര്‍ത്തു. 13 പേര്‍ ഇരു വിഭാഗത്തെയും പിന്തുണച്ചില്ല. 17 പേര്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു. യുഎസ് കോണ്‍ഗ്രസ് കൂടി അംഗീകരിച്ചാല്‍ കരാര്‍ പ്രാബല്യത്തിലാകും. ഇതോടെ ഇറാനു മേലുള്ള പാശ്ചാത്യ ഉപരോധം നീക്കും. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് എംപിമാര്‍ കരാറിനെ പിന്തുണച്ചത്. രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധിക്കുന്നതിലാണ് കൂടുതല്‍ എതിര്‍പ്പുയര്‍ന്നത്. ഇറാന്‍ അറ്റോമിക് എനര്‍ജി ഏജന്‍സി ചെയര്‍മാന്‍ അലി അക്ബര്‍ സലേഹിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പാശ്ചാത്യ അനുകൂല നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. അതേസമയം, അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് എംപിമാര്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൗഹാനിയും നിലപാടെടുത്തു. കഴിഞ്ഞ ജൂലൈ 14നാണ് ആണവശക്തി രാജ്യങ്ങളും ഇറാനുമായി കരാറിലെത്തിയത്. ഇതനുസരിച്ച് ഇറാന്റെ ആണവനിലയങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരെ അനുവദിക്കണം. ആണവോര്‍ജം ഉപയോഗിക്കാമെങ്കിലും ആയുധങ്ങള്‍ നിര്‍മിക്കാനാകില്ല. ഉപരോധം നീക്കണമെന്നായിരുന്നു ഇറാന്റെ പ്രധാന ഉപാധി. യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ മാസം കരാര്‍ പരിഗണിക്കാനിരുന്നെങ്കിലും നടന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.