ദേശീയ പതാകയെ അപമാനിച്ച് വിദേശിയുടെ കാര്‍യാത്ര; പോലീസിന് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Tuesday 13 October 2015 9:49 pm IST

തൊടുപുഴ: ദേശീയ പതാകയെ അപമാനിച്ചുകൊണ്ട് വിദേശി നടത്തിയ കാര്‍ യാത്രയുമായി ബന്ധപ്പെട്ട് കരിങ്കുന്നം പോലീസിനു വീഴ്ച പറ്റിയതായി തൊടുപുഴ സിഐയുടെ റിപ്പോര്‍ട്ട്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തൊടുപുഴ സിഐ ഇടുക്കി എസ്പിക്ക് കൈമാറി.  വിദേശി സഞ്ചരിച്ചിരുന്ന കാറില്‍ ദേശീയപതാക കണ്ടെത്താനായില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കരിങ്കുന്നം എസ്.ഐ പറഞ്ഞതായി സി.ഐ.യ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.  എന്നാല്‍ ടാക്‌സി വാഹനം ബാഡ്ജ് ഇല്ലാതെ വിദേശി ഓടിച്ചതു കണ്ടെത്തുന്നതില്‍ പോലീസിനു വീഴ്ച വന്നതായി സി.ഐ കണ്ടെത്തിയിട്ടുണ്ട്. വിദേശി ആരെന്നോ ഏതു രാജ്യക്കാരനെന്നോ മനസിലാക്കാതെ വിട്ടയച്ച നടപടിയും പോലീസിന്റെ വീഴ്ചയായി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഭാഷാ പ്രശ്‌നമാണത്രെ വിദേശിയെ മനസിലാക്കാന്‍ കഴിയാത്തതെന്നാണ് കരിങ്കുന്നം എസ്.ഐയുടെ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം പോലീസ് നടപടിക്കെതിരെ പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കി.   ഇതിനിടെ മൂന്നാറില്‍ പത്തോളം വിദേശികള്‍ ടാക്‌സി വാഹനത്തില്‍ ഡ്രൈവറായി ചുറ്റിയടിച്ചിട്ടും പോലീസ് ശ്രദ്ധിച്ചില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ദേശീയപതാകയെ അവഹേളിച്ച വിദേശിക്കെതിരെ നടപടിയെടുക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.