കണ്ണൂരില്‍ പരമ്പരാഗത സിപിഎം കോട്ടകളില്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി വന്‍ മുന്നേറ്റത്തിന് ബിജെപി

Tuesday 13 October 2015 9:52 pm IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരില്‍ പരമ്പരാഗത സിപിഎം കോട്ടകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ബിജെപി മത്സര രംഗത്ത് സജീവമായി. 24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളും ഉള്‍പ്പെടെ 9 നഗരസഭാ കൗണ്‍സിലുകളിലേക്കും 76 പഞ്ചായത്ത് വാര്‍ഡുകളിലേക്കും ബ്ലോക്ക് ഡിവിഷനുകളിലേക്കും ബിജെപിയും എന്‍ഡിഎയിലെ ഘടകകക്ഷികളും ചിലയിടങ്ങളില്‍ ബിജെപി പിന്തുണയോടെ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്. പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കിയുളള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമായ ഇന്ന് വൈകുന്നേരത്തോടെ പത്രിക നല്‍കും. കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് ഉള്‍പ്പെടെയുളള കക്ഷികള്‍ ഭയം കാരണം പത്രിക സമര്‍പ്പിക്കാന്‍ പോലും മടിച്ചു നിന്നിരുന്ന ആന്തൂര്‍, മലപ്പട്ടം, പാനൂര്‍ മേഖലയിലെ ചില പ്രദേശങ്ങള്‍,പയ്യന്നൂര്‍,കല്ല്യാശ്ശേരി മേഖലയിലെ ചില കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സജീവമായി മത്സര രംഗത്തെത്തിക്കഴിഞ്ഞു. ജില്ലയില്‍ എങ്ങും വന്‍ കുതിച്ചുചാട്ടം തന്നെ ഇത്തവണ നടത്തുമെന്ന് നിക്ഷ്പക്ഷരായ ആളുകള്‍പോലും സമ്മതിക്കുന്ന സ്ഥിതിയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുളള കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതികള്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും നേതാക്കളുടെ ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രവര്‍ത്തന രീതികളും കൊലപാതക-അക്രമ രാഷ്ട്രീയവും മടുത്ത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സിപിഎമ്മുകാരുമായ നൂറുകണക്കിന് ആളുകളാണ് ജില്ലയില്‍ പാര്‍ട്ടി വിട്ട് സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നത്. ഇത് സിപിഎം കേന്ദ്രങ്ങളില്‍ പോലും ബിജെപിയുടെ വിജയം ഉറപ്പിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികള്‍ സിപിഎം കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന സ്ഥലങ്ങളില്‍ മത്സരിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ വലഞ്ഞപ്പോള്‍ കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളില്‍ പോലും ബിജെപിക്കായി മത്സരിക്കാന്‍ വനിതകളും യുവാക്കളുമടക്കം സര്‍വ്വസമ്മതരായി നിരവധി പേര്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയിലുണ്ടായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 30 ഓളം വാര്‍ഡുകള്‍ ഇത്തവണ നൂറിലധികമാക്കുക, ചില പഞ്ചായത്തുകളിലെങ്കിലും പ്രധാന കക്ഷിയായി മാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബിജെപി ജില്ലാ കമ്മറ്റി ജില്ലയിലെ പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ലക്ഷ്യത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ബിജെപിക്കനുകൂലമായി ജില്ലയില്‍ ഉണ്ടായിരിക്കുന്ന അന്തരീക്ഷം ചൂണ്ടിക്കാട്ടുന്നത്. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികള്‍ എന്നതും ബിജെപിക്ക് ജില്ലാ പഞ്ചായത്തിലടക്കം വോട്ട് ഗണ്യമായി വര്‍ദ്ധിക്കാന്‍ വഴിയൊരുക്കും. കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ മത്സരിപ്പാക്കാനുളള തീരുമാനം സിപിഎമ്മിനെതിരെ ജനവികാരം ശക്തമാകാന്‍ വഴിയൊരുക്കുമെന്നുറപ്പാണ്. യുഡിഎഫിലാവട്ടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് ഉരുണ്ടുകൂടിയ സീറ്റിനു വേണ്ടിയുളള ഉള്‍പ്പോര് പത്രിക സമര്‍പ്പിക്കാനുളള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും അവസാനിച്ചിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനിലും പല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തര്‍ക്കം കാരണം ഇനിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും ഘടകകക്ഷികള്‍ക്ക് സീറ്റ് വീതിച്ചു നല്‍കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഇതും ജില്ലയില്‍ ബിജെപിക്കനുകൂലമായ അന്തരീക്ഷം ജില്ലയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. പലയിടങ്ങളിലും സീറ്റ് നിഷേധിക്കപ്പെട്ടവരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിലും പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന ഭരണത്തിനെതിരേയും ഗ്രാമപഞ്ചായത്തുകളുടെ ഭരണം കയ്യാളി മണല്‍ അഴിമതിയുള്‍പ്പെടെ സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും യുഡിഎഫിനുമതിരെ മലയോരത്തടക്കം വ്യാപക പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാക്കിയെടുക്കുന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി ജില്ലാ നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.