കെട്ടിട നിര്‍മ്മാണ നിയന്ത്രണത്തെ അട്ടിമറിക്കുന്നവര്‍ക്കും പരിസ്ഥിതി വിരുദ്ധര്‍ക്കും വോട്ടുനല്‍കരുതെന്ന്

Tuesday 13 October 2015 9:56 pm IST

കല്‍പ്പറ്റ : കെട്ടിട നിര്‍മ്മാണ നിയന്ത്രണത്തെ അട്ടിമറിക്കുന്നവര്‍ക്കും പരിസ്ഥിതി വിരുദ്ധര്‍ക്കും വോട്ടുനല്‍കരുതെന്ന് കല്‍പ്പറ്റയില്‍ നടന്ന വിവിധ പരിസ്ഥിതി-സാംസ്‌ക്കാരിക-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട അമൂല്യമായ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും ജനജീവിതത്തെയും പരിസ്ഥിതിയെയും താറുമാറാക്കുകയും ചെയ്യുന്ന മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ പാ ര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്‍കരുതെന്നും കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കി. അതീവലോലവും അതിസങ്കീര്‍ണ്ണവുമായ വയനാടിന്റെ പരിസ്ഥിതിസംതുലനം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി അനിയന്ത്രിതമായ കെട്ടിടനിര്‍മ്മാണവും അതുമായിബന്ധപ്പെട്ട കരിങ്കല്‍ - മണല്‍ ഖനനവും കുന്നിടിക്കലുമാണ്. ആദിവാസികള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കുമുള്ള ഭവനപദ്ധതി ഒഴിച്ചുള്ള മുഴുവന്‍ നിര്‍മ്മിതികള്‍ക്കും അംഗീകാരം നല്‍കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കുമാത്രമായിരിക്കണമെന്നും രണ്ടായിരം സ്‌ക്വയര്‍ അടിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കരുതെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വയനാടിനെ രക്ഷിക്കാന്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച് 2009ലെ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കണം. പുഴകള്‍ അരുവികള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവ അളന്നുതിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരുവുകളിലെ മലകളിലും കുന്നുകളിലും അവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും നീരുറവകളുടെ ഉത്ഭവസ്ഥാനങ്ങളിലും യാതൊരുവിധ നിര്‍മ്മാണവും ഘനനവും മണലൂറ്റലും കുന്നിടിക്കലും അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അട്ടിമറിക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂടുതല്‍ കര്‍ക്കശവും ശാസ്ത്രീയവുമായ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പ്രചരണങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. അഡ്വക്കറ്റ് പി.ചാത്തുക്കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ബാദുഷ അദ്ധ്യക്ഷത വഹിച്ചു. സുമ വിഷ്ണുദാസ് വിഷയം അവതരിപ്പിച്ചു. വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, കെ.ജി.തങ്കപ്പന്‍, സാം പി മാത്യു, ഡോ. പി.ജി.ഹരി, സണ്ണി പടിഞ്ഞാറത്തറ, യു.സി.ഹുസ്സയിന്‍, അബു പൂക്കോട്, സക്കീര്‍ഹുസൈന്‍ വൈത്തിരി, സണ്ണി മരക്കടവ്, വമ്മേരി രാഘവന്‍, അനിതാസിംഗ്, ഗോകുല്‍ദാസ്, വി.പി.വര്‍ക്കി, സുലോചന രാമകൃഷ്ണന്‍, സദാശിവന്‍ മാസ്റ്റര്‍, തോമസ് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.