തോട്ടപ്പുഴശേരിയെ പാറമടകള്‍ ചൂടുപിടിപ്പിക്കും

Tuesday 13 October 2015 9:58 pm IST

തിരുവല്ല: ജില്ലയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായി നേരിടുന്ന പഞ്ചായത്താണ് തോട്ടപ്പുഴശ്ശേരി. ചെറിയ പഞ്ചായത്താണെങ്കിലും വമ്പന്‍ ക്രഷര്‍ യൂണിറ്റുകള്‍ മൂന്നെണ്ണമാണ് പഞ്ചായത്തിലുള്ളത്. എക്കാലത്തെയും പോലെ ശുദ്ധജലക്ഷാമവും പാറമടകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ഇത്തവണയും തോട്ടപുഴശേരിക്കാരുടെ പ്രധാന ചര്‍ച്ചാവിഷയം. കഴിഞ്ഞ തവണ നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കും തോട്ടപ്പുഴശ്ശേരി സാക്ഷിയായി. രാഷ്ട്രീയ കൂറുമാറ്റവും രാജിവയ്ക്കലും ഉപതിരഞ്ഞെടുപ്പും അഞ്ചു വര്‍ഷത്തിനിടയില്‍ നടന്നു. ഒരു പ്രസിഡന്റ് തന്നെ മൂന്നു പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അപൂര്‍വതയും തോട്ടപ്പുഴശേരിക്കു സ്വന്തം. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ടി. കെ. രാമചന്ദ്രന്‍നായരാണ് ഇപ്പോഴത്തെ പ്രസിഡന്റ്. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ രണ്ടു സ്വതന്ത്രരുള്‍പ്പെടെ യുഡിഎഫിന് ഏഴു പേരും എല്‍ഡിഎഫിന് ആറംഗങ്ങളും ഉണ്ട്. അടിക്കടിയുണ്ടായ രാഷ്ട്രീയ അസ്ഥിരതകള്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് തോട്ടപ്പുഴശ്ശേരിക്കാര്‍. ഭരണനേട്ടങ്ങള്‍ കാര്യമായില്ലാതെയാണ് വലതുപക്ഷം ജനങ്ങളിലേ്ക്ക് ഇറങ്ങുന്നത്. ഗ്രൂപ്പ് വഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണയവും ഇപ്പോള്‍തന്നെ തലവേദനയായിട്ടുണ്ട്. പാറമടലോബികള്‍ക്കായി ഒത്തുതീര്‍പ്പ് രാഷ്ട്രീയ കളിക്കുമ്പോഴും ഭരണ വീഴ്ചകള്‍ വോട്ടാക്കാമെന്ന് ഇടതും പ്രതീക്ഷിക്കുന്നു. വിഭാഗീയ പ്രശ്‌നങ്ങളും നിലവിലെ രാഷ്ട്രീയ അന്തരീക്ഷവും തിരിച്ചടിയാകുമൊഎന്ന ഭയവും ഇടതിനെ വേട്ടയാടുന്നുണ്ട്.ആറന്മുളയടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ആര്‍ജവത്തിലാണ് തോട്ടപ്പുഴശ്ശേരിയില്‍ ബിജെപി ജനങ്ങളിലേക്ക് ഇറങ്ങുക. പാര്‍ട്ടിക്ക് അടുത്തിടെ വര്‍ദ്ധിച്ച സ്വീകാര്യതയും ആത്മ വിശ്വാസം നല്‍കുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ പ്രസിഡന്റ് പദവിക്കുവേണ്ടി മല്‍സരം നടത്തിയതല്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം. കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ക്രഷര്‍ ലോബിയുടെ ഒത്താശക്കാരായി മാറുകയായിരുന്നു ഭരണ നേതൃത്വം, പ്രദേശത്തെ പാറമടകള്‍ക്കെതിരായി പലതവണ പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല. സ്ഥിരമായ പാറപൊട്ടിക്കലിന്റെ ഫലമായി പ്രദേശത്തെ നിരവധി വീടുകള്‍ക്കും പഞ്ചായത്ത് റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്‌നമാണ് പഞ്ചായത്ത് നേരിടുന്ന ഗുരുതരമായ മറ്റൊരുപ്രശ്‌നം.പഞ്ചായത്തിലെ പകുതിയിലേറെ പ്രദേശവും രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന അവസരത്തിലും ശാശ്വതമായ പരിഹാരം കാണാന്‍ ഭരണ സമതിക്കായില്ല പ്രമാടത്തുപാറയിലും കട്ടേപുറത്തും ഓരോ മോട്ടോര്‍ സഥാപിച്ചതല്ലാതെ വെള്ളം ലഭിക്കുന്നതിനുള്ള നടപടി ഉണ്ടായില്ല.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സഹായത്തോടെ ശുദ്ധീകരണശാല സഹിതം 35 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പുതിയ പദ്ധതിക്കു രൂപരേഖയായി എന്ന് അവകാശപ്പെടുമ്പോഴും ഇതിനായി ഏറ്റെടുത്ത സ്ഥലത്ത് തുടര്‍പ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. അടിസ്ഥാന വികസനമേഖലയിലും കനത്തപരാജയമാണ് ഭരണ സമിതിക്ക് ഉണ്ടായത്. പഞ്ചായത്തിലെ മിക്കറോഡുകളും സഞ്ചാരയോഗ്യമല്ല. പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകളില്‍ ഏറിയപങ്കും പ്രവര്‍ത്തനക്ഷമമല്ല. കാര്‍ഷിക മേഖലയോടും നീതിപുലര്‍ത്താന്‍ ഭരണ സമിതിക്കായില്ല. തരിശുഭൂമികള്‍ കൃഷിഭുമികളാക്കുന്നതിനുള്ള പദ്ധതികള്‍ എല്ലാം തന്നെ പഞ്ചായത്തിന് നഷ്ടമായി. ഒരുകാലത്ത് വ്യാപകമായി കൃഷിചെയ്തിരുന്ന കരിമ്പും നെല്ലും തോട്ടപ്പുഴശ്ശേരിക്ക് ഇന്ന് അന്യമാണ് .തൊള്ളായിരപ്പറ പാടശേഖരമായ വെള്ളങ്ങൂരടക്കം കൃഷിയോഗ്യമല്ലാതെ കിടക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണസമിതിക്കാണന്ന് പ്രദേശത്തെ കര്‍ഷകര്‍ ആരോപിക്കുന്നും. കൃഷിചെയ്യാന്‍ തയ്യാറായിരുന്നിട്ടും അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കാന്‍ ഭരണ സമിതി വീഴ്ചവെരുത്തിയെന്നാണ് ഇവരുടെ ആക്ഷേപം. അരുവിക്കുഴിയില്‍ ടൂറിസം കേന്ദ്രം പണികഴിപ്പിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനം നടത്തുന്നതില്‍ വലിയ വീഴ്ചവരുത്തി. സേവന മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്നാണ് ഭരണ പക്ഷത്തിന്റെ അവകാശവാദം.എന്നാല്‍ ഇവയെ ജനങ്ങളിലേക്ക് വേണ്ട വിധമെത്തിക്കുവാന്‍ ഭരണ സമിതിക്കായില്ല.മതിയായ സാമ്പത്തിക ഭദ്രതയുണ്ടായിട്ടും വേണ്ട വിധം ഉപയോഗിക്കുവാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. തൊഴിലുറപ്പു പദ്ധതിപോലും കൃത്യമായി നടത്താന്‍ പഞ്ചായത്ത് ഭരണ സമിതിക്കായില്ല.പഞ്ചായത്തിനു സ്‌റ്റേഡിയം നിര്‍മിക്കുന്നതിനു ജനങ്ങള്‍ സ്ഥലം സൗജന്യമായി നല്‍കാമെന്നറിയിച്ചെങ്കിലും സ്ഥലം ഏറ്റെടുത്തു പഞ്ചായത്തിന്റെ പേരില്‍കൂട്ടുകയോ സ്‌റ്റേഡിയം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യാഞ്ഞതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.വാര്‍ദ്ധക്യകാല പെന്‍ഷനുള്ള 300 അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചെങ്കിലും 118 എണ്ണത്തില്‍ മാത്രമാണു തീരുമാനമെടുത്തത്. ബാക്കിയുള്ള അപേക്ഷകളില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പ്ട്ടികജാതി വിഭാഗക്കാര്‍ക്കായി അനുവദിച്ച ഫണ്ടുകളൊന്നും തന്നെ പൂര്‍ണമായി നടപ്പാക്കാനും ഭരണ സമിതി വീഴ്ചവരുത്തി. ഭവന രഹിതരുടെ പരാതികള്‍ കുന്നുകൂടിയപ്പോഴും പഞ്ചായത്തിനു പുതിയ കൗണ്‍സില്‍ ഹാള്‍, ഫിഷറീസ് കെട്ടിടം, സ്ഥിരംസമിതി അംഗങ്ങള്‍ക്ക് ഓഫിസ് സംവിധാനം,എന്നിവ നടപ്പാക്കാന്‍ പഞ്ചായത്ത് പണം കണ്ടത്തി. ചുരുക്കത്തില്‍ നാളിതുവരെ ഭരണം കൈമാറിവന്ന കക്ഷികള്‍ക്കൊന്നും പഞ്ചായത്തിന് കാര്യമായ നേട്ടമൊന്നുമുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. പാറമടക്കാരുടെ ഒത്താശക്കാരായിരുന്ന ഇക്കുട്ടര്‍ പാവപ്പെട്ടവര്‍ക്കായി നേടികൊടുത്തത് അട്ടിമറി രാഷ്ട്രീയത്തിന്റെ ചീത്തപ്പേരുമാത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.