റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ; പാനൂര്‍ നഗരസഭയില്‍ യുഡിഎഫ് നേതൃത്വം ആശങ്കയില്‍

Tuesday 13 October 2015 10:14 pm IST

പാനൂര്‍: പാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് റിബല്‍ തലവേദന. 6 വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഒരു വിഭാഗം തീരുമാനിച്ചു. മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുളളയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. കന്നിയങ്കത്തില്‍ ഭരണം പിടിക്കാന്‍ അശാസ്ത്രീയമായി പഞ്ചായത്തുകളെ കൂട്ടിയിണക്കി രൂപീകരിച്ച പാനൂര്‍ നഗരസഭയിലാണ് പുത്തരിയില്‍ കല്ലുകടിയുമായി യുഡിഎഫ് പ്രതിരോധത്തിലായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്നലെ റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം തീരുമാനമെടുത്തത്. ജില്ലാപ്രസിഡണ്ട് കെ.എം.സൂപ്പിയുടെ പിന്‍ബലത്തിലാണ് ഗ്രൂപ്പ്കളി. 1, 3, 4, 5, 32, 40 വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നോമിനേഷന്‍ നല്‍കും. പ്രശ്‌നപരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്ന് വിമത വിഭാഗം നേതാക്കള്‍ പറഞ്ഞു. 4-ാം വാര്‍ഡില്‍ വിമത വിഭാഗം സ്ഥാനാര്‍ത്ഥി വി. ഹാരിസ് ്യൂതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. മുസ്ലീംലീഗിലെ ഗ്രൂപ്പ്‌പോര് നഗരസഭയില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കരിയാട് ഒലിപ്പില്‍ വാര്‍ഡിലും റിബല്‍ ഭീഷണിയുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് സാധ്യത അവസാനിച്ചതായാണ് ലഭ്യമായ വിവരം. ശക്തമായ മത്സരം നടക്കുന്ന 40-ാം വാര്‍ഡില്‍ നേരത്തെ ജനതാദള്‍ (യു) സ്ഥാനാര്‍ത്ഥിയായി പികെ.പ്രവീണിനെ യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. ത്രികോണ മത്സരത്തിന് സാധ്യതയുളള ഈ വാര്‍ഡില്‍ റിബല്‍ വന്നാല്‍ യുഡിഎഫിന്റെ നിലപരുങ്ങലിലാകും. കെ.എം.സൂപ്പി വിഭാഗവും, പൊട്ടങ്കണ്ടി അബ്ദുളള വിഭാഗവും ഏറെകാലമായി നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനം പാനൂര്‍ നഗരസഭയിലെ യുഡിഎഫിന്റെ കന്നിയങ്കത്തിന് ഭീഷണിയായിരിക്കുകയാണ്. സാമ്പത്തിക പിന്തുണയുമായി പി.എ.റഹ്മാന്റെ നേതൃത്വത്തില്‍ കെ.എം.സൂപ്പി വിഭാഗത്തിന് പിന്തുണയും ലഭിക്കുന്നുണ്ട്. കല്ലിക്കണ്ടി എന്‍എഎം കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.എ.റഹ്മാന്‍ വിഭാഗം, പൊട്ടങ്കട്ടി അബ്ദുളളയെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണവും.