മാറിയ കേരളവും മാറാത്ത കാര്യങ്ങളും

Tuesday 13 October 2015 10:23 pm IST

കേരളം ആഗോളവികസന മാതൃകയാണെന്ന് ആദ്യം പ്രഖ്യാപിച്ചത് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്ക്ക് അടിസ്ഥാനം കേരളത്തിലെ ലിംഗാനുപാതവും സ്ത്രീസാക്ഷരതയും വിദ്യാഭ്യാസവും മറ്റുമാണ്. കേരളത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകളുണ്ട്. ഇപ്പോള്‍ 'കേരള വികസനത്തിന്റെ വിവിധ വിഷയങ്ങള്‍' എന്ന പേരില്‍ ഒരു ലേഖനസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായരാണ്. സംസ്‌കാരം സമൂഹത്തെ സചേതനമാക്കി നിലനിര്‍ത്തുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. യുവതലമുറ തനതുസംസ്‌കാരം ഉള്‍ക്കൊള്ളുന്നു എന്നൊക്കെ പറയുമ്പോഴും ഉപഭോഗസംസ്‌കാരത്തിന്റെ മാസ്മരികതയില്‍ അറിവുകള്‍ അപ്രത്യക്ഷമാകുന്നു, അവര്‍ പ്രകൃതിവിരുദ്ധ ജീവിതത്തിനടിമപ്പെടുന്നു എന്ന് അദ്ദേഹം പരിതപിക്കുന്നു. 'ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' എന്ന് അദ്ദേഹം അഭിമാനംകൊള്ളുന്നു. വിവിധ മഹദ്‌വ്യക്തികളില്‍നിന്ന് ലേഖനങ്ങള്‍ ശേഖരിച്ചാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖകന്റെ കേരളത്തോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം.മാണി തുടങ്ങിയവരുടെ ലേഖനങ്ങള്‍. യാഥാസ്ഥിതികചിന്തയും അസഹിഷ്ണുതയും വ്യാപകമായി വികസനത്തിനുകൂടി വിഘാതമായിരിക്കുന്നു. വിവേകാനന്ദ സ്വാമി ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തില്‍ ഇന്ന് സവര്‍ണ-അവര്‍ണ ഭേദം, സ്ത്രീവിവേചനം മുതലായവയ്ക്കു പകരം സ്ത്രീ സ്വാതന്ത്ര്യവും തുല്യതയും നിലനില്‍ക്കുന്നുണ്ട്. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍, മര്‍ത്യന് പെറ്റമ്മ തന്‍ഭാഷതാന്‍'' എന്ന വരികള്‍  മറന്നുകൊണ്ടിരിക്കുന്ന മലയാളിയ്ക്ക് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ജനിച്ചനാള്‍മുതല്‍ മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കിയവരെക്കുറിച്ച് കവി കുഞ്ഞുണ്ണി മാഷ് എഴുതിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. മതനിര്‍മുക്തമാകണമെന്ന് പറയുമ്പോഴും വിവാഹകാര്യം വരുമ്പോള്‍ ഇല്ലത്തുനായരോ കിരിയത്ത് നായരോ എന്നും സത്യക്രിസ്ത്യാനിയാണോ ഹരിജന്‍ മതംമാറിയ ക്രിസ്ത്യാനിയാണോ എന്നും മറ്റും ശ്രദ്ധിക്കുന്ന നാടാണ് കേരളം. ലേഖനസമാഹാരത്തിലെ ആദ്യത്തെ ലേഖനം ഡോ.കെ.കസ്തൂരിരംഗന്റേതാണ്. പരിസ്ഥിതി നശീകരണവും ജലമലിനീകരണവും എല്ലാം സ്വഭാവമാക്കിയ മലയാളിക്ക് ഇത് ദഹിയ്ക്കുമോ? ഇന്ന് പരിസ്ഥിതി നാശവും മണല്‍വാരലും കുന്നിടിക്കലും എല്ലാം കാരണം പുഴകള്‍ വറ്റുകയും ജലസ്രോതസ്സുകള്‍ അപ്രത്യക്ഷമാകുകയുമാണ്. നഗരവല്‍ക്കരണം, നെല്‍വയലുകളുടെ നികത്തല്‍ മുതലായവ മലയാളിയെ വേട്ടയാടുമ്പോള്‍ ഭൂഗര്‍ഭജല സംരക്ഷണത്തിനുപോലും മലയാളി തയ്യാറല്ല. വൈദ്യുതി പ്രതിസന്ധിയും നമ്മെ വേട്ടയാടുന്നു. തൊഴിലില്ലായ്മയുടെ പേരില്‍ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യപ്പെടുമ്പോഴും കേരളത്തിലേക്ക് തൊഴില്‍തേടി വന്ന്, ഗള്‍ഫില്‍നിന്നു മലയാളി പണമയയ്ക്കുന്നപോലെ ഇതരസംസ്ഥാന തൊഴിലാളികളും സ്വന്തം വീട്ടിലേക്ക് പണമയക്കുന്നു. 'ഇത് ഞങ്ങളുടെ ഗള്‍ഫ് ആണ്' എന്ന് ചേരികളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പറയുമ്പോള്‍ മലയാളി യുവത്വത്തെപ്പറ്റി പുച്ഛം തോന്നും. ടി.കെ.എ.നായര്‍ പറയുന്നത് കേരളത്തില്‍ 137 ലക്ഷം തൊഴില്‍ സേന ഉണ്ടെന്നാണ്. ഒമ്പതു ലക്ഷം പുരുഷന്മാരും 6,28,000 സ്ത്രീകളും. കേരളത്തിലെ അധികാരവികേന്ദ്രീകരണത്തേയും നായര്‍ പ്രശംസിക്കുന്നു. പക്ഷേ ലക്കുംലഗാനുമില്ലാതെ മതപ്രീണനത്തിനായി അനുവദിച്ച കോളേജുകള്‍ വിദ്യാഭ്യാസ നിലവാരം തകര്‍ത്തു. ഇത്തവണ ഓണപ്പരീക്ഷ കന്നിമാസ പരീക്ഷയായതങ്ങനെയാണ്. കേരളമോഡലായ പ്രാഥമിക ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമ-നഗര വേര്‍തിരിവില്ലായ്മ, ആരോഗ്യരംഗത്തെ വികസനം, ലിംഗാനുപാതം എന്നിവയൊക്കെ ഇപ്പോഴും വാഴ്ത്തപ്പെടുന്നു. കേരള വികസനത്തിലെ സാര്‍വ്വത്രിക വിദ്യാഭ്യാസം, ഭൂപരിഷ്‌കരണ മാതൃക, പഞ്ചായത്തീരാജ്, 48,735 റോഡുകള്‍ 128875 കിണറുകള്‍, 97893 വാട്ടര്‍ടാപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍ എല്ലാം പ്രശംസിക്കപ്പെടുന്നു. പക്ഷേ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം അപമാനഭാരംകൊണ്ട് തലകുനിക്കും. മദ്യോപയോഗം ഏറ്റവും കൂടുതലുള്ള കേരളത്തില്‍ 70.2 ശതമാനം സ്ത്രീകള്‍ ആക്രമണത്തിനിരയാകുമ്പോള്‍ ഭാരതത്തില്‍ അത് 69.4 ശതമാനമാണ്. ഇത്തരമൊരു കേരളത്തെ എങ്ങനെ സാംസ്‌കാരിക കേരളം എന്ന് വിശേഷിപ്പിക്കും? ചൊവ്വാഴ്ചത്തെ വാര്‍ത്ത നാലുവയസ്സായ കുട്ടിയെ നാലുപേര്‍ കൂടി കൂട്ടബലാത്സംഗം ചെയ്തു എന്നാണ്. മലയാളി എന്നുപറയാന്‍ എങ്ങനെ നാണിക്കാതിരിക്കും? ഗാര്‍ഹികപീഡനവും ലൈംഗികാതിക്രമങ്ങളും 2000-ാമാണ്ടിനുശേഷം വര്‍ധിക്കുന്നതായി കാണാം. കേരളത്തിന്റെ ശാപം വര്‍ധിച്ചുവരുന്ന മദ്യാസക്തിയും ഉപഭോഗത്വരയുമാണ്, പ്രത്യേകിച്ച് സ്ത്രീകളുടെ. പവന് വില കുറഞ്ഞു എന്നുകേട്ടാല്‍ ബിവറേജസിന്റെ മുമ്പിലെ ക്യൂവിനെക്കാള്‍ വലിയ വനിതാ ക്യൂ സ്വര്‍ണക്കടകളില്‍ കാണാവുന്നതാണ്. കേരളത്തിലെ ആത്മഹത്യാനിരക്ക് വര്‍ധനയും ലേഖന സമാഹാരത്തില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 11.1 ആണെങ്കില്‍ കേരളത്തിന്റേത് 24.3 ആണെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബപ്രശ്‌നം മൂലമുള്ള ആത്മഹത്യയുടെ കാര്യത്തില്‍ ദേശീയ ശരാശരി 23.7 ആണെങ്കില്‍ കേരളത്തില്‍ 40.2 ശതമാനമാണ്. കുടുംബത്തകര്‍ച്ചയും വിവാഹമോചന വര്‍ധനയും തൊഴിലില്ലായ്മയും മദ്യപാനവുമെല്ലാം വിമര്‍ശിക്കപ്പെടുമ്പോള്‍ കേരളത്തിലെ മദ്യവില്‍പ്പന 8841 കോടിയുടേതാണത്രേ. ഇതില്‍നിന്ന് സര്‍ക്കാരിനുള്ള  വരുമാനം 7251 കോടിയാണ്. സുധീരന്റെ ആവേശം യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ചുരുക്കം. കേരളത്തിലെ വിനോദസഞ്ചാര വികസനവും പരാമര്‍ശിക്കപ്പെടുന്നു. ഇവിടുത്തെ ജൈവവൈവിധ്യവും സാംസ്‌കാരിക പൈതൃകവുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പക്ഷെ പരിസ്ഥിതി നശീകരണവും വനനശീകരണവുമെല്ലാം തുടര്‍ന്നാല്‍ വിനോദസഞ്ചാരികള്‍ വേറെ സ്വര്‍ഗം തേടുമെന്ന് തീര്‍ച്ച. കേരളത്തിലെ വലിയ ആകര്‍ഷണമായിരുന്ന കോവളം അനധികൃത നിര്‍മാണങ്ങളും മലിനീകരണങ്ങളും വേശ്യാവൃത്തിയും കൂണുപോലെ മുളച്ചുപൊന്തുന്ന വന്‍കിട റിസോര്‍ട്ടുകളും മൂലം വിനോദസഞ്ചാരികളുടെ ലിസ്റ്റില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന് തീര്‍ച്ച. കാര്‍ഷിക വ്യവസായ മേഖലകളിലെ പിന്നോക്കാവസ്ഥ, കുറഞ്ഞ തോതിലുള്ള നിക്ഷേപം എന്നിവയും നിഷേധാത്മക വശങ്ങളാണ്. കേരള ബാങ്കുകളില്‍ 7,97,557 കോടി രൂപ നിക്ഷേപമുണ്ടെങ്കിലും വ്യവസായ സംരംഭകരില്ലെന്ന് ടി.കെ.എ.നായര്‍ പരിതപിക്കുന്നു. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ല എന്ന പേര് കേള്‍പ്പിച്ചത് നിരന്തരം അരങ്ങേറുന്ന സമരങ്ങളും ഹര്‍ത്താലുകളുമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവിടെ വ്യവസായാവശ്യത്തിന് വേണ്ടത്ര വൈദ്യുതിയോ റോഡുകളോ പാലങ്ങളോ ഇല്ലാത്തതാണ്. പക്ഷെ റോഡുകള്‍ക്ക് വീതികൂട്ടാന്‍ സ്ഥലം വിട്ടുനല്‍കാന്‍ മലയാളി തയ്യാറാകാത്തിടത്തോളം ഈ ശോച്യാവസ്ഥ തുടരും. ഒരു വലിയ വ്യവസായവും കേരള സാഹചര്യത്തില്‍ വരില്ല. റോഡുകളുടെ അഭാവത്തിലും കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. മദ്യപര്‍ കൂടുന്നതിനാല്‍ മദ്യപിച്ച് വാഹനമോടിച്ച് റോഡപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്നു. മറ്റൊരു അപകടകരമായ വസ്തുത കേരളത്തിലേക്കുള്ള പുതിയ തലമുറ രോഗങ്ങളുടെ കടന്നുവരവാണ്. അതോടൊപ്പം അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന രോഗങ്ങളും പുനരവതാരമെടുക്കുന്നു. മാറുന്ന ജീവിതശൈലി ക്ഷണിച്ചുവരുത്തുന്ന രോഗങ്ങളാണിത്. ഇത് കേരളത്തിലെ ആരോഗ്യരംഗത്തിന് പുതിയ വെല്ലുവിളിയുയര്‍ത്തുന്നു. കുടിവെള്ളത്തില്‍പ്പോലും മനുഷ്യമലം തള്ളുന്നവര്‍ക്ക് ജീവിതശൈലീരോഗങ്ങള്‍ വന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. മാലിന്യനിര്‍മാര്‍ജനം എന്നാല്‍ മലയാളിക്ക് സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ തള്ളുക എന്നാണ്. അല്ലെങ്കില്‍ സമീപത്തുകൂടി ഒഴുകുന്ന കനാലില്‍ തള്ളുക. എറണാകുളത്തെ പേരണ്ടൂര്‍ കനാല്‍ തന്നെ ഇതിന് തെളിവാണ്. പുഴയില്‍നിന്ന് മണല്‍ വാരിയാല്‍ പുഴ നശിക്കുമെന്ന് ഞാന്‍ 20 കൊല്ലം മുമ്പ് 'ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ എഴുതിയിട്ടുണ്ട്. ലോറി ഉടമകളും മണലൂറ്റുകാരും ചേര്‍ന്നുള്ള ഒത്തുകളിയാണിത്. സമര്‍ത്ഥനായ പോലീസ് ഓഫീസറായ ഋഷിരാജ്‌സിംഗ് ഇത്തരക്കാരെ പിടിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹം ആ പദവിയില്‍ അധികകാലം ഇരുന്നില്ല. കേരളം ഇത്ര അധഃപതിച്ചതിന് കാരണം ഇവിടത്തെ രാഷ്ട്രീയക്കാരാണ്. അവര്‍ ജനസേവകരല്ല, സ്വാര്‍ത്ഥമതികളാണ്. പണം കൈമാറിയാല്‍ കേരളത്തില്‍ നടക്കാത്തത് ഒന്നുമില്ല, ഒതുക്കാത്ത ക്രിമിനല്‍ കുറ്റങ്ങളുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.