ഓര്‍മയില്‍ ഒരു ജ്ഞാന തപസ്വി

Tuesday 13 October 2015 10:26 pm IST

ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാതിരിക്കുകയും അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതിനെ അസഹ്യമായി കണ്ട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ചെയ്ത മഹദ്‌വ്യക്തിയായിരുന്നു ദത്തോപന്ത് ഠേംഗ്ഡിജി. ചോദ്യം ചെയ്യാതെ ഠേംഗ്ഡിജി ആരെയെങ്കിലും അംഗീകരിച്ചിരുന്നെങ്കില്‍ അത് (ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക്) ഗുരുജിയെ ആയിരുന്നു. ഗുരുജിയെ അദ്ദേഹത്തിന് അത്രമാത്രം വിശ്വാസമായിരുന്നു. ഗുരുജിയും ഠേംഗ്ഡിജിയും തമ്മിലുള്ള ബന്ധം പ്രത്യേകം പഠിക്കേണ്ടതാണ്. ഗുരുജിയെക്കുറിച്ച് ഠേംഗ്ഡിജി എഴുതിയ പ്രസിദ്ധമായ ഒരു കവിതയുണ്ട്- 'ദ ഗ്രേറ്റ് സെന്റിനല്‍.' ആര്‍എസ്എസിന്റെ മൗലികതത്വങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്ന ഠേംഗ്ഡിജി മറ്റു സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരിക്കുമ്പോഴും സംഘത്തിന്റെ ആദര്‍ശലക്ഷ്യങ്ങളില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല. സംഘ ആദര്‍ശങ്ങളും തത്വങ്ങളും സങ്കല്‍പ്പങ്ങളും പ്രവര്‍ത്തനമേഖലക്ക് അനുസൃതമായി വിവേകപൂര്‍വം അദ്ദേഹം ഉപയോഗപ്പെടുത്തി. സിദ്ധാന്ത പിടിവാശി ഇല്ല. പക്ഷേ തത്വങ്ങളിലുള്ള വിശ്വാസങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. ബിഎംഎസിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകിയപ്പോള്‍ അദ്ദേഹം ആ രംഗത്തും കര്‍മകുശലത കാണിച്ചു. ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവദര്‍ശനം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഗുരുജിയും ഠേംഗ്ഡിജിയും. അതുകൊണ്ടുതന്നെ ഠേംഗ്ഡിജി ഏകാത്മമാനവ ദര്‍ശനത്തിന്റെ വ്യാഖ്യാതാവായി. ഗുരുജിയുടെ കാലശേഷം സംഘപ്രസ്ഥാനങ്ങള്‍ക്ക് വൈചാരിക സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘം ഉറ്റുനോക്കിയിരുന്നത് ഠേംഗ്ഡിജിയെ ആയിരുന്നു. അവസാന വാക്കുപറയാന്‍ അദ്ദേഹത്തെ പലപ്പോഴും ആശ്രയിച്ചു. ആ ചിന്തക്കും ഭാഷക്കും അത്ര വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞുതരാന്‍ കഴിഞ്ഞിരുന്നു. ഏകാത്മ മാനവദര്‍ശനം ഏറ്റവും പ്രയാസമേറിയ മേഖലയില്‍ പ്രയോഗത്തില്‍ വരുത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തത് ഠേംഗ്ഡിജി ആയിരുന്നിരിക്കണം. കാരണം ഭൗതികവാദത്തിന്റെയും വര്‍ഗസമരത്തിന്റെയും അതിശക്തമായ സ്വാധീനമേഖലയായ തൊഴില്‍രംഗത്തായിരുന്നു ഠേംഗ്ഡിജിയുടെ പ്രവര്‍ത്തനം. ഏകാത്മ മാനവദര്‍ശനം പോലുള്ള അതിഗംഭീരമായ ആശയസംഹിതകള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഠേംഗ്ഡിജിക്ക് കഴിഞ്ഞു. ദര്‍ശനത്തിലെ കുടുംബസങ്കല്‍പ്പവും മുതലാളിമാര്‍ക്കൊപ്പം തൊഴിലാളികള്‍ക്കും പങ്കാളിത്തം നല്‍കുന്ന വ്യവസായ സൗഹൃദ സങ്കല്‍പ്പവും മറ്റും ഠേംഗ്ഡിജി തൊഴിലാളികള്‍ക്ക് മനസ്സിലാകും മട്ടില്‍ പറഞ്ഞുകൊടുത്തു, പ്രവര്‍ത്തിച്ചു മാതൃക കാണിച്ചു . ഒരുപക്ഷേ ലെനിനെപ്പോലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വിജയിച്ചു. ആ വളര്‍ച്ചയും വിജയവും ഠേംഗ്ഡിജി എന്ന വ്യക്തിയുടെയോ ഒരു സംഘടനയുടെയോ ആയിരുന്നില്ല, ഒരാദര്‍ശത്തിന്റെ വിജയമായിരുന്നു. തൊഴിലാളി മേഖലയില്‍ മാത്രമല്ല വൈചാരിക മേഖലയിലും ഠേംഗ്ഡിജി മാര്‍ഗദര്‍ശകനായിരുന്നു. ഭാരതീയ വിചാരകേന്ദ്രം തുടങ്ങുന്നതിനുമുമ്പ് ദല്‍ഹിയില്‍വച്ച് അദ്ദേഹവുമായി നടത്തിയ ചര്‍ച്ചകളാണ് ഈ തരത്തില്‍ ഒരു സംരംഭത്തിനു കാരണമായത്. അദ്ദേഹംതന്നെ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു, മാര്‍ഗദര്‍ശനം  നല്‍കി. ഏതെങ്കിലും വിധത്തില്‍ അവസാനനിമിഷം വരെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. അത് ഒരു നിരന്തര പ്രേരണയായിരുന്നു. അവസാന നിമിഷംവരെ ജീവിതത്തില്‍ പഠനം അദ്ദേഹത്തിന് ഒരു തുടര്‍പ്രക്രിയയായിരുന്നു. ബുദ്ധിപരമായി ജാഗരൂകനായിരുന്നു അന്ത്യ നാളുകളിലും. പഠനവും എഴുത്തും സപര്യയായിരുന്നു. അവസാനകാലത്ത് ആരോഗ്യം തീരെ ക്ഷയിച്ച ഘട്ടത്തിലും എഴുതി. ഒടുവില്‍ എഴുതിയത് ഡോ.അംബേദ്കറെക്കുറിച്ചുള്ള ഗ്രന്ഥമായിരുന്നു. ഏതുകാര്യത്തെക്കുറിച്ചും ആധികാരികമായ രേഖ സമ്പാദിക്കുമായിരുന്നു ഠേംഗ്ഡിജി. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം എഴുതി. യാത്രയ്ക്കിടയില്‍ സംഭാഷണങ്ങളില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ക്കുപോലും ആധികാരിക രേഖ തേടിപ്പിടിക്കുമായിരുന്നു. അതുകൊണ്ടു തന്നെ പഠനപ്രക്രിയയും വിവരശേഖരണവും സദാ തുടര്‍ന്നുപോന്നു. അദ്ദേഹത്തിന്റ പ്രസംഗങ്ങളിലും എഴുത്തിലും ഇത്രമാത്രം ഉദ്ധരണികള്‍ വന്നത് ആധികാരിക രേഖകളുടെ സമ്പാദനംകൊണ്ടാണ്. രാവും പകലും അദ്ധ്വാനിക്കുന്നതിനുള്ള കരുത്ത് ഠേംഗ്ഡിജിക്കുണ്ടായിരുന്നു. ഇത്രയേറെ എഴുതിയതും അതിനുവേണ്ടി വായിച്ചതും പഠിച്ചതുമെല്ലാം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും നേരിടാതെയാണ്.  രാത്രി മുഴുവന്‍ എഴുത്തും പകല്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തനങ്ങളും. എത്രയോ രാത്രികളില്‍ ഒരുപോള  കണ്ണടക്കാതെ തുടര്‍ച്ചയായി ഠേംഗ്ഡിജി എഴുതുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദത്തോപന്ത് ഠേംഗ്ഡി ഒരു ജ്ഞാനതപസ്വിയായിരുന്നു. അദ്ദേഹം ആ തപസ്സിനെ തൊഴിലാളി പ്രവര്‍ത്തനവുമായി സമന്വയിപ്പിച്ചു. ഗഹനമായ ആശയങ്ങളും മഹത്തായ സങ്കല്‍പ്പങ്ങളും അദ്ദേഹം തൊഴിലാളികളില്‍ സാധാരണക്കാരായവര്‍ക്കുകൂടി പകര്‍ന്നുകൊടുത്തു. അവരോട് സംവദിക്കുമ്പോള്‍ അദ്ദേഹം അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കഥകളും ഉപകഥകളും ചേര്‍ത്ത് വിവരിച്ചുപോന്നു. അവരെ അതിന് പ്രാപ്തമാക്കാന്‍ തൊഴിലാളികളുമായി വൈകാരികമായ താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അവര്‍ക്കൊപ്പം താമസിച്ച്, അവരോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ച് അവരില്‍ ഒരാളായി മാറുമായിരുന്നു അദ്ദേഹം. ഠേംഗ്ഡിജിയുടെ കേള്‍വിക്ക് ഒരു പ്രത്യേകരീതിയായിരുന്നു. ആരുമായി സംസാരിക്കുമ്പോഴും അദ്ദേഹം പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേകതരം ശ്രദ്ധ പുലര്‍ത്തുന്നതുകാണാമായിരുന്നു. അതുകൊണ്ടുതന്നെ ഠേംഗ്ഡിജിയുമായുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും ഒരു തുടര്‍പ്രക്രിയയായിരുന്നു. ഒരിക്കല്‍ സംസാരിച്ച കാര്യങ്ങളുടെ  തുടര്‍ച്ചയായിരിക്കും നീണ്ട ഇടവേള കഴിഞ്ഞു കാണുമ്പോഴും നടക്കുക. ഞങ്ങള്‍ ഒരുമിച്ച് ദല്‍ഹിയിലുള്ളപ്പോള്‍ സമ്പര്‍ക്കത്തിനു പോകുമായിരുന്നു. നടന്നുമാത്രമാണ് പോയിരുന്നത്. കാലത്തുമുതല്‍ രാത്രിവരെ നടക്കും. കാണാന്‍ ലക്ഷ്യമിട്ടിരിക്കുന്നവരെയൊക്കെ കാണുകതന്നെ ചെയ്യും. വ്യക്തികളോടും കുടുംബങ്ങളോടും ഇടപഴകുന്നതില്‍ ഠേംഗ്ഡിജിയുടെ മാതൃക ഉത്തമമായിരുന്നു. ഠേംഗ്ഡിജിക്ക് ഓരോ വ്യക്തിയുടെയും സൂക്ഷ്മവും നിസ്സാരവുമായ കാര്യങ്ങളുടെ പേരിലുള്ള ശ്രദ്ധയും കരുതലും ദല്‍ഹിയിലായിരുന്നകാലത്ത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് വൈകിട്ട് അഞ്ചുമണിക്ക് കൂടിക്കാണാമെന്നാണ് നിശ്ചയിച്ചിരുന്നത്. വൈകിട്ട് എന്തെങ്കിലും ലഘുഭക്ഷണം എന്റെ പതിവാണ്. ഠേംഗ്ഡിജിയെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാന്‍ അതും കഴിച്ചാണ് എത്തിയത്. ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നരേന്ദ്രമോദിയുണ്ടായിരുന്നു. അവര്‍ സംസാരിച്ചു പിരിഞ്ഞു. ഞാന്‍ നമസ്‌തേ പറഞ്ഞ് കടന്നിരുന്നപ്പോള്‍ ആദ്യം ഠേംഗ്ഡിജി പറഞ്ഞത് 'ക വമ്‌ല ഗലു േഉീമെ ളീൃ ഥീൗ' എന്നായിരുന്നു. പരിചിതരുടെ വൈയക്തിക കാര്യങ്ങള്‍ അത്രയേറെ ഠേംഗ്ഡിജിക്ക് മനഃപാഠമായിരുന്നു. വിരുദ്ധാദര്‍ശമുള്ളവരെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോള്‍ പോലും ആ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരുമായി ഏറ്റവും അടുത്തബന്ധവും ബഹുമാനവും ആദരവും ഠേംഗ്ഡിജി സൂക്ഷിച്ചു. അതുകൊണ്ടുതന്നെ അതൊക്കെ തിരിച്ചും കിട്ടി. അതൊരു പ്രത്യേക കഴിവുതന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കടുത്ത വിയോജിപ്പായിരുന്നു അദ്ദേഹത്തിന്. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അദ്ദേഹത്തിന് ധാരാളം മുതിര്‍ന്ന സ്‌നേഹിതന്മാരുണ്ടായിരുന്നു. കമ്മ്യൂണിസത്തിനു പിന്നിലെ സാമ്പത്തിക-സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രേരണയെ ഠേംഗ്ഡിജി അംഗീകരിച്ചിരുന്നു. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ പ്രസ്ഥാനങ്ങളോ ആ ലക്ഷ്യം സാധ്യമാക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം കരുതിയില്ല. ഒരു തത്വസംഹിതയെന്ന നിലയില്‍ കമ്മ്യൂണിസത്തെ അംഗീകരിച്ചു. ചില ഘട്ടങ്ങളില്‍, ചില കാര്യങ്ങളില്‍ ലെനിനെ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. കമ്യൂണിസത്തിന്റെ തകര്‍ച്ച ഏറ്റവുമാദ്യം പ്രവചിച്ചതും ഠേംഗ്ഡിജിയായിരുന്നു. പക്ഷേ അന്ന് ആര്‍ക്കും അത് ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ കഴിഞ്ഞില്ല. കമ്മ്യൂണിസത്തോടൊപ്പം അമേരിക്കന്‍ പതനത്തെക്കുറിച്ചും ഠേംഗ്ഡിജി പറഞ്ഞു. സോവിയറ്റ് റഷ്യയുടെയും കമ്മ്യൂണിസത്തിന്റെയും ഗതി കണ്ടിട്ടും അമേരിക്കന്‍ പതനം ആരും പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ അതാണുതാനും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.