കമ്യൂണിസ്റ്റ് സൃഗാലതന്ത്രം നടപ്പില്ല

Tuesday 13 October 2015 10:38 pm IST

കമ്യൂണിസ്റ്റുകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി അങ്ങേയറ്റത്തെ പരിശ്രമം ചെയ്യുന്നുവെന്നാണ് അവകാശപ്പെടാറുള്ളത്. ഒരുപക്ഷെ, അത് ശരിയുമായിരിക്കും. എന്നാല്‍ ആ ശരി മഹാഭൂരിപക്ഷത്തിന്റെ ശരിയായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്‌നം. തങ്ങള്‍ തെളിക്കുന്ന വഴിയില്‍കൂടി സകലരും പോയിക്കൊള്ളണമെന്ന ധാര്‍ഷ്ട്യമാണ് ആ പാര്‍ട്ടിക്കുള്ളത്. അതിനെതിര്  ആരുനിന്നാലും അവരെ മുച്ചൂടും ആക്രമിച്ച് ശരിപ്പെടുത്തുകയാണ് രീതി. അത് ഇന്നലെയൊ ഇന്നോ തുടങ്ങിയതല്ല. ആ പാര്‍ട്ടി പിറവിയെടുത്തതുമുതലുള്ള സ്വഭാവമാണത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ജീനില്‍ സ്വമേധയാ ഉരുവംകൊണ്ട ഒരു സ്വഭാവരീതിയാണത്. അസഹിഷ്ണുതയും  അഹന്തയും അതിന്റെ ആകെത്തുകയായ വിവരക്കേടും ആ പാര്‍ട്ടിയെ ചരിത്രത്തിന്റെ ഇരുട്ടറകളിലേക്കാണ് കൊണ്ടുപോകുന്നത്. വെളിച്ചവും അതിലേക്കുള്ള വഴിയും അവര്‍ക്ക് പഥ്യമല്ല. കേരളത്തിന്റെ മനോനിലയില്‍ വിഷംചേര്‍ത്ത് സമൂഹത്തെ കലുഷമാക്കുന്ന ആ പാര്‍ട്ടിയുടെ രീതി പണ്ടത്തെപ്പോലെ ഫലിക്കാതായതോടെ പാര്‍ട്ടി അങ്കലാപ്പിലായിരിക്കുകയാണ്. ഇതിനിടയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടു. അത് കള്ളുകുടിച്ച വാനരനെ തേളുകടിച്ച അനുഭവമായി. അങ്ങനെയുള്ള സ്വഭാവവിശേഷം എന്തൊക്കെ അനര്‍ത്ഥങ്ങളാണ് വരുത്തിവെക്കുന്നതെന്നതിന്റെ നേര്‍ചിത്രമാണ് നമുക്കുമുമ്പില്‍ അനാവൃതമായിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പയറ്റി ഒരളവുവരെ വിജയിച്ച തന്ത്രമാണ് വിഭജിച്ച് ഭരിക്കുക എന്നത്. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ എടുത്തുപയറ്റുന്നത്. ന്യൂനപക്ഷ സംരക്ഷണ മുഖംമൂടി എടുത്തണിഞ്ഞ് അവര്‍ സമൂഹത്തില്‍ അസ്വസ്ഥതയും അങ്കലാപ്പും സൃഷ്ടിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന സമൂഹത്തെ പ്രകോപിപ്പിച്ചും അവഹേളിച്ചും അവര്‍ പല തരത്തിലുള്ള പരിപാടികള്‍ നടത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും അതിന് തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുകയെന്ന അജണ്ടയാണ് അവര്‍ക്കുള്ളത്. അതിന് ഏറ്റവും നല്ല വഴി സമൂഹത്തില്‍ അന്തഃഛിദ്രവും അസ്വസ്ഥതയും അതിനെ തുടര്‍ന്ന് സംഘര്‍ഷവും പടര്‍ത്തുകയാണ്. ഒരുപറ്റം മാധ്യമങ്ങളെയും ഇതിനായി അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. തങ്ങളെ അനൂകൂലിക്കാത്തവരെ നട്ടാല്‍ പൊടിക്കാത്ത നുണപ്രചാരണങ്ങളിലൂടെ നിശ്ശബ്ദരാക്കാനും അവര്‍ ശ്രമിക്കുന്നു. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള വിഭാഗങ്ങളെ ഐക്യത്തിന്റെ വര്‍ണനൂലില്‍ കോര്‍ത്ത് സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം ചില നേതാക്കള്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമെന്ന ഭീതിയായി കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്ക്. വെള്ളാപ്പള്ളി നടേശനെ അരിവാളുകൊണ്ട് വീശി വെട്ടാനുള്ള അവരുടെ ശ്രമം തീവ്രമായതിന്റെ പിന്നില്‍ ഇതാണ്. എന്നും പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താനുള്ള അസംസ്‌കൃതവസ്തുവായാണ് ശ്രീനാരായണീയരെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയും അവരുടെ പിണിയാളുകളും കണ്ടിരുന്നത്. അവരെവെച്ച് വേണ്ടത്ര നേട്ടങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഗുരുദര്‍ശനത്തിന്റെ ആയിരത്തിലൊരംശം ആത്മാര്‍ത്ഥതപോലും ഇല്ലാത്ത അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീനാരായണീയര്‍ നന്നായി മനസ്സിലാക്കിയെന്നതാണ് വസ്തുത. ഇത് പാര്‍ട്ടിയെ പരിഭ്രാന്തമാക്കി. ആ പരിഭ്രാന്തിയുടെ കുറച്ച് അംശങ്ങള്‍ കോണ്‍ഗ്രസ്സിലും അവരുടെ സില്‍ബന്തികളിലും പടര്‍ന്നുകേറിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലമാണ് ഇപ്പോള്‍ ശാശ്വതീകാനന്ദ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങളിലും മറ്റുമുള്ളത്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെടുത്തി സമുദായ നേതാവിനെ എങ്ങനെ കുടുക്കി തങ്ങളുടെ വരുതിയിലാക്കാമെന്ന തന്ത്രത്തെക്കുറിച്ചാണ് കുറെ ദിവസമായി എകെജി മന്ദിരത്തില്‍ ചര്‍ച്ച നടക്കുന്നത്. അന്വേഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പാര്‍ട്ടിയാണ് നിശ്ചയിക്കുന്നത്. ഇതിന്റെ പങ്കുപറ്റാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇറങ്ങിയിട്ടുണ്ടെന്ന സംശയവും അസ്ഥാനത്തല്ല. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കാന്‍പോകുന്ന യാത്രയും അതുയര്‍ത്തിക്കൊണ്ടുവരുന്ന അന്തരീക്ഷവും ഇരുമുന്നണികള്‍ക്കും ഭീഷണിയാവുമെന്ന് അവര്‍ കണക്കുകൂട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ശാശ്വതീകാനന്ദ പ്രശ്‌നം ഉയര്‍ത്തി വിവാദമാക്കിയിരിക്കുന്നത്. ശാശ്വതീകാനന്ദയോട് തരിമ്പെങ്കിലും സ്‌നേഹമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ തെളിവെന്ന നിലയില്‍ പുറത്തുവിടുന്ന കാര്യങ്ങളൊന്നും നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെച്ചില്ല? വാസ്തവത്തില്‍ ഇന്ന് ആരോപണമുന്നയിക്കുന്നവര്‍ തന്നെയല്ലേ കേസ് അട്ടിമറിക്കാന്‍ അരുനിന്നത്? അവര്‍ക്ക് എന്ത് ലാഭമാണ് അതുവഴി ഉണ്ടായത്?അന്വേഷണം പുനരാരംഭിക്കുകയാണെങ്കില്‍ അതിന്റെ പരിധിയില്‍ നിശ്ചയമായും ഇതൊക്കെ ഉണ്ടാവേണ്ടതല്ലേ? ഹിന്ദുഐക്യം വേണമെന്ന് ഒരു സമുദായ നേതാവ് പറഞ്ഞുപോയാല്‍ അദ്ദേഹത്തെ ഏത് ക്രിമിനല്‍ കേസിലും പെടുത്താമെന്നാണോ?കൊടും ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇക്കാര്യത്തിലൊക്കെ എന്ത് ധാര്‍മ്മികതയാണ് അവകാശപ്പെടാനുള്ളത്?ഭരിക്കാനുള്ള അവസരം കിട്ടിയിട്ടും ശാശ്വതീകാനന്ദ പ്രശ്‌നത്തില്‍ എന്ത് താല്‍പ്പര്യമാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ എടുത്തത്. നിഷ്പക്ഷമതികളുടെ കോടതിയില്‍ പറഞ്ഞുനില്‍ക്കാന്‍ വല്ലതുമുണ്ടോ പാര്‍ട്ടിയുടെ കൈയില്‍? ഹിന്ദു ഐക്യം പറഞ്ഞാല്‍ കള്ളനും കൊലപാതകിയുമാക്കുന്ന രാഷ്ട്രീയ സൃഗാലതന്ത്രത്തിന് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ചുട്ടമറുപടിതന്നെ നല്‍കും. ജനാധിപത്യ വിശ്വാസികളെ വിഡ്ഢികളാക്കാന്‍ ഇനി സാധിക്കുകയില്ലെന്ന തിരിച്ചറിവിലേക്കാണ് പ്രബുദ്ധ കേരളം ഉണര്‍ന്നുവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.