കോടോം ബേളൂര്‍ പഞ്ചായത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുക്കി ബിജെപി

Tuesday 13 October 2015 10:31 pm IST

കാഞ്ഞങ്ങാട്:''കോടോം ബേളൂര്‍ പഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎം-10, സിപിഐ-2, യുഡിഎഫ്-5, ബിജെപി-2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇവിടെ എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ മത്സരത്തിനാണ് ബിജെപി തയ്യാറെടുക്കുന്നത്. ഭരണസമിതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാട്ടിയായിരിക്കും ബിജെപി പ്രചാരണത്തിനിറങ്ങുക.  സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാഴ്‌വാക്കും ഗ്രാമവികസനമെന്നത് ജനങ്ങള്‍ക്ക് ദിവാസ്വപ്‌നവുമായി തീര്‍ന്നിരിക്കുകയാണ്.
40 വര്‍ഷത്തിലധികമായി കോടോം-ബേളൂര്‍ പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. പല വാര്‍ഡുകളിലും വികസനമെന്താണെന്നറിഞ്ഞിട്ടില്ല. കാലിച്ചാനടുക്കത്ത് മൂപ്പില്‍ കോളനിയിലുള്ള അംഗണ്‍വാടി തകര്‍ന്നിവീഴാറായിട്ട് വര്‍ഷങ്ങളായി. പഞ്ചായത്തിലെ മുഴുവന്‍ സ്ഥലത്തെയും കുടിവെള്ളത്തിന് പരിഹാരം കാണാനായി 15 വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച സാര്‍ക്ക് കുടിവെള്ള പദ്ധതി ഇന്നും മണ്ണിനടിയിലാണ്. തന്റെ ഭരണം അവസാനിക്കുന്നതിന് മുമ്പായി ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞ പ്രസിഡന്റിന് പക്ഷെ പദ്ധതിപൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
20 വര്‍ഷം മുമ്പാണ് ഒടയംചാലില്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിംഗ് കം ഷോപ്പിംഗ് കോപ്ലക്‌സ് എന്ന പദ്ധതി കൊണ്ടുവരുന്നത്. ഓരോ പഞ്ചായത്ത് ബജറ്റിലും നാമമാത്രമായി തുകമാറ്റിവെച്ചുകൊണ്ട് ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ പറ്റിച്ച സിപിഎം ഭരണം പൂര്‍ത്തിയാക്കുകയായിരുന്നു. ഇത് സിപിഎം അണികളില്‍തന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍പോലും  നടപ്പിലാക്കാന്‍ ഇക്കാലമത്രയും ഭരണം നടത്തിയ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. സിപിഎം കോട്ടയെന്ന് അവര്‍ അവകാശപ്പെടുന്ന അട്ടേങ്ങാനത്ത് വര്‍ഷങ്ങളായുളള വിമത വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രൂക്ഷമായി. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏരിയ കമ്മറ്റി അംഗത്തിനെതിരെയും എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്. കുടുംബത്തിലെ സ്വത്ത് തര്‍ക്കം പരിഹരിച്ചിട്ടു മതി മത്സരമെന്നാണ് എതിര്‍ഗ്രൂപ്പുകാരുടെ വാദം. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിലനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ സഹോദര ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ഏരിയ കമ്മറ്റി അംഗത്തിന്റെ സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാരോപിച്ച് അട്ടേങ്ങാനത്തെ അഞ്ചോളം ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. വിമത വിഭാഗത്തിന്റെ മോശമല്ലാത്ത ശക്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതികൂലമായി ഭവിക്കും. ഉദയപുരത്തെ ബ്രാഞ്ചംഗത്തിന്റെ അമ്പല നിര്‍മാണത്തിനെതിരെ ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കിയതിലും അണികള്‍ രണ്ട് തട്ടിലായിട്ടുണ്ട്. ബിജെപി അനുഭാവികളുള്ള ഇവിടെയും പാര്‍ട്ടിയില്‍ വോട്ട് ചോര്‍ച്ചയുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുചോര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വികസനരാഹിത്യം കൈമുതലാക്കിയ ഭരണസമിതിയെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബാബുരാജ് പൊടവടുക്കം പറഞ്ഞു.