ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുളിയാര്‍  വ്യാജപട്ടയ കേസിലെ പ്രതിയുടെ ഇടപെടല്‍

Tuesday 13 October 2015 10:31 pm IST

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യാജപട്ടയ കേസിലെ പ്രതിയുടെ ഇടപെടല്‍ നടക്കുന്നതായി നേതാക്കളും പ്രവര്‍ത്തകരും ആരോപണവുമായി രംഗത്തുവന്നു. ബോവിക്കാനം സ്വദേശിയായ മൂളിയാര്‍ വ്യാജപട്ടയ കേസിലെ പ്രതിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടുന്നതെന്നാണ് ആക്ഷേപം. നേരത്തെ ഇദ്ദേഹം മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പിന്നീട് ഇദ്ദേഹത്തെ ഭാരവാഹിത്വത്തില്‍ നിന്നും പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ജില്ലാ നേതാവിനെ കൂട്ട് പിടിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ വാര്‍ഡ് ലീഗ് കമ്മറ്റികള്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിട്ടുണ്ട്. നേതാവിന്റെ കൂടെ സദാസമയമുണ്ടാകുന്ന ഇയാള്‍ ഈ അടുപ്പം മുതലാക്കിയാണ് സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്ന കാര്യത്തില്‍ ഇടപെടുന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ ലീഗിന്റെ വാര്‍ഡ് കമ്മറ്റികള്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച വിഷയത്തില്‍ രംഗത്ത് വന്നത് ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.