അംഗന്‍വാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

Tuesday 13 October 2015 10:42 pm IST

കാസര്‍കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ(നിയോജകമണ്ഡലം) വോട്ടര്‍പട്ടികയില്‍ പേരുളളയാളായിരിക്കണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളും സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരുളളയാളായിരിക്കണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍  സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയാവുകയും വേണം. അംഗന്‍വാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും സാക്ഷരതാപ്രേരക്മാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍, എംപാനല്‍ കണ്ടക്ടര്‍മാര്‍, ഇലക്ട്രിസ്റ്റി ബോര്‍ഡ്, കേരളത്തിലെ സര്‍വ്വകലാശാല ജീവനക്കാര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ 179 ദിവസത്തേക്ക് നിയമിക്കപ്പെടുന്ന താത്ക്കാലിക ജീവനക്കാര്‍ എന്നിവര്‍ മത്സരിക്കാന്‍ അയോഗ്യരാണ്. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചിട്ടില്ല. എന്നാല്‍ സിഡിഎസ് അക്കൗണ്ടന്റുമാര്‍ മത്സരിക്കുന്നതിന് യോഗ്യരല്ല. ഒരാള്‍ ബധിര-മൂകനാണെങ്കിലും അയോഗ്യനാണ്.