ഇടത് ചേരിയില്‍ വിളളല്‍: 43 വാര്‍ഡിലും സിപിഐ ഒറ്റയ്ക്ക് മത്സരിക്കും

Tuesday 13 October 2015 10:42 pm IST

കാഞ്ഞങ്ങാട്:''സീറ്റ് വിഭജന ചര്‍ച്ചയില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ ഇടത് ചോരിയില്‍ വിള്ളല്‍. മത്സരിക്കാന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കാത്ത സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നഗരസഭയിലെ 43 വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന ആവശ്യമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. എല്ലാ വാര്‍ഡിലും പാര്‍ട്ടിക്കാരെ കിട്ടിയില്ലെങ്കില്‍ സ്വതന്ത്രന്മാരെ നിര്‍ത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച രണ്ട് സീറ്റുകള്‍ അടക്കം മൂന്ന് സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. 33ാം വാര്‍ഡായ ഞാണിക്കടവിലും 20ാം വാര്‍ഡായ അരയിയിലുമാണ് കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഒപ്പം 22ാം വാര്‍ഡും 10ാം വാര്‍ഡായ അടമ്പില്‍ എന്നിവ കൂടി നല്‍കണമെന്നാണ് സിപിഐയുടെ ആവശ്യം. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ സിപിഎം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. വിജയസാധ്യത ഇല്ലാത്ത 15 ാം വാര്‍ഡാണ് ഇവര്‍ക്ക് നല്‍കിയത്.
ഇതോടെ ചര്‍ച്ച അലസുകയും സിപിഐ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. മൂന്ന് സീറ്റുകളില്‍ കുറഞ്ഞുള്ള വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും സിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ നിലപാട് തുടരുകയാണെങ്കില്‍ സിപിഎമ്മിന് തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.