ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; അത്‌ലറ്റികോ വിജയം 2-1ന്

Tuesday 13 October 2015 10:49 pm IST

കൊല്‍ക്കത്ത: ഇതിഹാസതാരം പെലെയെ സാക്ഷിനിര്‍ത്തി നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഇന്നലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അറുപതിനായിരത്തിലേറെ ആരാധകരുടെ ആരവത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത നിലവിലെ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. കൊല്‍ക്കത്തക്ക് വേണ്ടി ആറാം മിനിറ്റില്‍ അരാട്ട ഇസുമിയും 53-ാം മിനിറ്റില്‍ ജാവി ലാറയും ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത് 80-ാം മിനിറ്റില്‍ ക്രിസ് ഡഗ്നല്‍. കളിയില്‍ പന്ത് കൂടുതല്‍ നിയന്ത്രിച്ചുനിര്‍ത്തിയതും ഷോട്ടുകള്‍ ഉതിര്‍ത്തതും ബ്ലാസ്‌റ്റേഴായിരുന്നെങ്കിലും അത്‌ലറ്റികോ ഗോളിയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ അവസരങ്ങളെല്ലാം വിഫലമാവുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പരാജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ ചില മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ പോരാട്ടത്തിനിറങ്ങിയത്. മുന്‍ മത്സരങ്ങളിലെ പോല്‍െ 5-3-2 ശൈലിയില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മലയാളി താരം സി.കെ. വിനീത്, മനന്‍ദീപ് സിങ്, മാര്‍ക്കസ് വില്ല്യംസ്, വിക്ടര്‍ ഹെരേര എന്നിവര്‍ക്ക് പകരം സൗമിക് ഡേ, സാഞ്ചസ് വാട്ട്, ശങ്കര്‍ സംപിംഗിരാജ്, ജോസു കുരായിസ് എന്നിവര്‍ കളത്തിലിറങ്ങി. നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യകളിയില്‍ ഗോളടിച്ച മുഹമ്മദ് റാഫി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നാല് മാറ്റങ്ങളാണ് അത്‌ലറ്റികോയും വരുത്തിയത്. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗിന് പകരം യുവാന്‍ ജീസസ് കലാത്യൂഡ് സാഞ്ചസും നല്ലപ്പന്‍ മോഹന്‍രാജിന് പകരം ടിരിയും നാറ്റോക്ക് പകരം ജോസ്മിയും സസ്‌പെന്‍ഷനിലായ ബല്‍ജിത് സാഹ്‌നിക്ക് പകരം നദോങ് ബൂട്ടിയയും കളത്തിലിറങ്ങി. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വിറച്ചു. ജാവി ലാറ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ബൈവാട്ടറെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. തൊട്ടടുത്ത മിനിറ്റില്‍ അരാട്ട ഇസുമി കൊമ്പന്മാരുടെ മസ്തകം പിളര്‍ന്ന് ആദ്യ ഗോള്‍ നേടി. മൈതാന മധ്യത്തുനിന്ന് ബ്ലാസ്‌റ്റേഴ്‌സ് ബ്ലോക്‌സിലേക്ക് നീട്ടിക്കിട്ടിയ പന്ത് ഇയാന്‍ ഹ്യൂം പിടിച്ചെടുത്ത് ഇടംകാലുകൊണ്ട് ഷോട്ട് ഉതിര്‍ത്തെങ്കിലും ബൈവാട്ടറുടെ ദേഹത്ത് തട്ടി മടങ്ങി. എന്നാല്‍ റീബൗണ്ട് പന്ത് പെറോണിന്റെ കാലിനടയിലൂടെ ബുള്ളറ്റ് കണക്കെ അരാട്ട ഇസുമി വലയിലേക്ക് അടിച്ചുകയറ്റി. തുടര്‍ന്നും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. 42-ാം മിനിറ്റില്‍ സമനില പാലിക്കാനുള്ള സുന്ദരമായ അവസരം ലഭിച്ചതും മുതലാക്കാന്‍ കഴിഞ്ഞില്ല. അത്‌ലറ്റികോ പ്രതിരോധതാരം മോഹന്‍രാജിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ബോക്‌സില്‍ പ്രവേശിച്ച ശേഷം ബെക്കെ നല്‍കിയ ത്രൂപാസ് കണക്ട് ചെയ്യാന്‍ ക്രിസ് ഡഗ്നലിന് കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതി 1-0ന് കലാശിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസു കുരായിസിനെ പിന്‍വലിച്ച് ബ്ലാസ്‌റ്റേഴ്‌സ് സ്പാനിഷ് താരം വിക്ടര്‍ ഹെരേരയെ കളത്തിലിറക്കി. 53-ാം മിനിറ്റില്‍ കൊല്‍ക്കത്ത ലീഡ് ഉയര്‍ത്തി. ഇയാന്‍ ഹ്യൂമും ബോര്‍ജ ഫെര്‍ണാണ്ടസും ലാറയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ഹ്യൂം ബ്രൂണോ പെറോണിനെ കബളിപ്പിച്ച് പന്ത് വീണ്ടും ലാറക്ക് കൈമാറി. പന്തുമായി ബോക്‌സില്‍ പ്രവേശിച്ച ലാറ പായിച്ച നിലംപറ്റിയുള്ള ഷോട്ട് റാമേജിന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 63-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനെ വീഴ്ത്തിയതിന് മെഹ്താബ് ഹുസൈന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 70-ാം മിനിറ്റില്‍ സൗമിക് ഡേയെ പിന്‍വലിച്ച് മലയാളി താരം വിനീതിനെ കളത്തിലിറക്കി ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ ആക്രമണത്തിന് കരുത്തുകൂട്ടി. വിനീതും കളത്തിലിറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങള്‍ എതിര്‍ ബോക്‌സിലേക്ക് നടത്തി. തുടര്‍ച്ചയായി കൊല്‍ക്കത്തന്‍ പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 80-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. ക്യാപ്റ്റന്‍ റാമേജ് ബോക്‌സിലേക്ക് നല്‍കിയ അളന്നുമുറിച്ച പാസ് ശങ്കര്‍ സംപിംഗിരാജ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ഓടിയെത്തിയ കൊല്‍ക്കത്തന്‍ പ്രതിരോധനിര താരത്തെ പിന്നിലാക്കി ക്രിസ് ഡഗ്നല്‍ പന്ത് വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും കൊല്‍ക്കത്ത ഗോളിയുടെ തകര്‍പ്പന്‍ സേഫ് തുണയായി. ഡഗ്‌നലിന്റെ പാസ് സ്വീകരിച്ച് സാഞ്ചസ് വാട്ട് പായിച്ച അത്യുജ്ജ്വല കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 89-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിങ് ഓര്‍ഡറും വാങ്ങി മെഹ്താബ് ഹുസൈന്‍ പുറത്തുപോയശേഷം ബ്ലാസ്‌റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങുകയും ചെയ്തു. പിന്നീട് നാല് മിനിറ്റ് പരിക്ക് സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്ന് കിടിലന്‍ ഷോട്ടുകള്‍ ഉജ്ജ്വലമായ രക്ഷപ്പെടുത്തിയ ജീസസ് കലാത്യൂഡ് സാഞ്ചസ് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.