ഇന്ത്യക്ക് ഇന്ന് രണ്ടാം പരീക്ഷ

Tuesday 13 October 2015 10:53 pm IST

കാണ്‍പൂര്‍: ഉറപ്പിച്ച വിജയം കൈവിട്ടതിന്റെ നിരാശയില്‍ ടീം ഇന്ത്യക്ക് ഇന്ന് രണ്ടാം പരീക്ഷ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ ഉച്ചക്ക് 1.30ന് ആരംഭിക്കും. ഇന്ന് വിജയിച്ച് തിരിച്ചുവരവിനായിരിക്കും ധോണി നയിക്കുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ വിജയത്തുടര്‍ച്ച തുടരാനായിരിക്കും എ.ബി. ഡിവില്ലിയേഴ്‌സും കൂട്ടരും ഇറങ്ങുന്നത്. ആദ്യ ഏകദിനത്തില്‍ ഉറപ്പിച്ച വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തില്‍ വിജയത്തിന് തൊട്ടടുത്തെത്തിയെങ്കിലും പടിക്കല്‍ കലമുടയ്ച്ചു. ആറാമനായി രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ 24 പന്തില്‍ നിന്ന് 35 റണ്‍സ് മാത്രം മതിയായിരുന്നു. ക്യാപ്റ്റന്‍ ധോണിയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയുമായിരുന്നു ക്രീസില്‍. എന്നാല്‍ നിരുത്തരവാദപരമായി ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിഞ്ഞ ടീം ഇന്ത്യ അഞ്ച് റണ്‍സിന് തോറ്റ് തലകുനിച്ച് മടങ്ങി. ധോണിയും റെയ്‌നയും സ്റ്റുവര്‍ട്ട് ബിന്നിയും ഉള്‍പ്പെട്ട ബാറ്റ്‌സ്മാന്മാരുടെ അനാസ്ഥതന്നെയാണ് പരാജയത്തിന് കാരണം. ധോണി ഈ മത്സരത്തില്‍ 31 റണ്‍സെടുത്തെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. റെയ്‌നയും സ്റ്റുവര്‍ട്ട് ബിന്നിയും അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയും ചെയ്തതും ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറിലെ നാലും അഞ്ചും പന്തുകളില്‍ ധോണിയെയും ബിന്നിയെയും മടക്കി റബാഡയാണ് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കിയത്. 150 റണ്‍സെടുത്ത രോഹിത് ശര്‍മ്മക്ക് പുറമെ 60 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. വിരാട് കോഹ്‌ലി ഇത്തവണയും നിരാശപ്പെടുത്തി. രണ്ടാം വിക്കറ്റില്‍ രോഹിതും രഹാനെയും ചേര്‍ന്ന്  നേടിയ 149 റണ്‍സായിരുന്നു ആദ്യ ഏകദിനത്തില്‍ മികച്ച കൂട്ടുകെട്ട്. ആദ്യ മത്സരത്തില്‍ കളിച്ച അശ്വിന്‍ ഇനിയുള്ള കളികളില്‍ കളിക്കില്ല. പരിക്കേറ്റ അശ്വിന് പകരം ഹര്‍ഭജന്‍ സിങിനെ ടീമിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ന് ആദ്യ ഇലവനില്‍ ഹര്‍ഭജന്‍ ഇടംപിടിക്കുമോ എന്ന് ഉറപ്പില്ല. അതേസമയം ഇന്ത്യന്‍ നായകനും ഉപനായകനും തമ്മില്‍ ആദ്യ ഏകദിനത്തിന് മുന്‍പ് വാക്ക് തര്‍ക്കം ഉണ്ടായതായി റിപ്പോര്‍ട്ട്. ബാറ്റിങ് ഓര്‍ഡറിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. മത്സരത്തിന് മുന്നോടിയായുള്ള ടീം മീറ്റിങില്‍ ധോണിയുടെ പ്രിയ സംഘത്തിലില്ലാത്ത രഹാനയെ ടീമിലുള്‍പ്പെടുത്താന്‍ ധോണി നിര്‍ബന്ധിതനായിരുന്നു. അതേസമയം രഹാനയെ കോഹ്‌ലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പരില്‍ ഇറക്കാന്‍ നിര്‍ദേശിച്ചതോടെയാണ് വാക്കുതര്‍ക്കത്തിനു തുടക്കമാകുന്നത്. എന്നാല്‍ ധോണി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയതു. തന്റെ വൗണ്‍ഡൗണ്‍ സ്ഥാനം വിട്ട് നാലാമനായി ക്രീസിലെത്തിയ കോഹ് ലി 18 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 35 ഓവര്‍ മുതല്‍ 40 വരെയുള്ള  ബാറ്റ്‌സ്മാന്മാരുടെ പ്രകടനം തോല്‍വിക്ക് നിര്‍ണായകമായെന്ന് പറഞ്ഞു ധോനി, കോഹ്‌ലിക്കു നേരെ ഒളിയമ്പ് തൊടുക്കുകയും ചെയ്തു. അതേസമയം, മത്സരശേഷമാണ് കോഹ്‌ലി ധോണിക്കെതിരെ ആഞ്ഞടിച്ചത്. തീരുമാനമെടുക്കുന്നതിലെ അവ്യക്തതയാണ് തോല്‍വിക്ക് കാരണമായത്. ഇക്കാര്യത്തില്‍ താന്‍ പരസ്യപ്രസ്താവന നടത്തുന്നില്ലെന്നും സൂഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് എല്ലാം മനസ്സിലാകുമെന്നും കോഹ് ലി പറഞ്ഞു. മറുവത്ത് ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളിങിന്റെ മുനയൊടിച്ചു. 73 പന്തില്‍ നിന്ന് പുറത്താകാതെ 103 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്‌സും അര്‍ദ്ധസെഞ്ചുറി നേടിയ ഡുപ്ലെസിസും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മികച്ച ഫോമിലാണ്. ഇന്ത്യന്‍ ബൗളര്‍മാരെഅപേക്ഷിച്ച് സ്‌റ്റെയിനും ബെഹാര്‍ഡിനും റബാഡയും ഉള്‍പ്പെടുന്ന പേസ് ബൗളര്‍മാരും സ്പിന്നര്‍ ഇമ്രാന്‍ താഹിറും മികച്ച ഫോമിലാണെന്നതും ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.