ബിജെപിക്കെതിരെ സിപിഎം - ലീഗ് - കോണ്‍ഗ്രസ് സാമ്പാര്‍ മുന്നണി: സുരേന്ദ്രന്‍

Tuesday 13 October 2015 11:08 pm IST

കോഴിക്കോട്: ബിജെപിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിംലീഗും ഒന്നിച്ച് സാമ്പാര്‍ മുന്നണി രൂപപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ബിജെപിക്കെതിരെ ഈ മുന്നണി വ്യാപകമായി പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്. മഞ്ചേശ്വരം, മീഞ്ച, കാറടുക്ക, ബെള്ളൂര്‍, പൈവെളിഗെ തുടങ്ങിയ പഞ്ചായത്തുകളില്‍ ലീഗ് - സിപിഎം - കോണ്‍ഗ്രസ് സംഘത്തിന് പൊതു സ്ഥാനാര്‍ത്ഥിയാണുള്ളത്. ബിജെപി മുന്‍തൂക്കമുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ ഇവര്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കുകയാണ്. പൊന്നാനി, കോട്ടക്കല്‍ മുന്‍സിപ്പാലിറ്റികളിലും പരപ്പനങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലും ഇരു മുന്നണികളും ഒരു മുന്നണിയായി മത്സരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമി, പിഡിപി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളും ചേര്‍ന്ന് ജനകീയ വികസന മുന്നണിയെന്ന പുതിയ രീതിയിലാണ് ബിജെപിക്കെതിരെ അണിനിരന്നിരിക്കുന്നത്. 2012 ഏപ്രില്‍ 26 ന് പിണറായി വിജയന്‍ പറഞ്ഞത് മുസ്ലീം ലീഗ് താലിബാന്‍വല്‍ക്കരിക്കപ്പെടുന്നു എന്നായിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് മതേതര കക്ഷിയാണെന്നാണ് സിപിഎം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സര്‍വ്വനാശത്തിന് വഴിയൊരുക്കുന്ന രീതിയില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തില്‍നിന്നുള്ള പിന്‍മാറ്റമാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ മരണമണി മുഴങ്ങികഴിഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ ഒളിച്ചു കളി നടത്തുന്നതിന് പകരം ഒറ്റ മുന്നണിയായി ബിജെപിക്കെതിരെ മത്സരിക്കാന്‍ ഇവര്‍ തയ്യാറാവണം. സാമ്പാര്‍ മുന്നണിയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും വിഎം. സുധീരനും നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവാതെ വനിതാ സ്ഥാനാര്‍ത്ഥികളുടെ ഭര്‍ത്താക്കന്‍മാരുടെ ചിത്രം പ്രദര്‍ശിപ്പിച്ച് വോട്ടുപിടിക്കുന്ന ലജ്ജാകരമായ സ്ഥിതിവിശേഷമാണ് നടക്കുന്നത്. താലിബാനിസത്തിന്റെ കേരള പതിപ്പായാണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പില്‍ മാറിയിരിക്കുന്നത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഉത്തരവാദിത്വമുണ്ടായിരുന്ന എ.കെ. ആന്റണി ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നീ മുഖ്യമന്ത്രിമാര്‍ അത് ചെയ്യാത്തതിന് കേരള ജനതയോട് മാപ്പ് പറയണം. ബിജു രമേശിനെ കല്ലെറിഞ്ഞ യുഡിഎഫ് ഇന്ന് ബിജു രമേശിന്റെ പിന്നാലെണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പങ്കെടുത്തു.