ദാവൂദിന്റെ ബ്രിട്ടണിലെ ആസ്തികള്‍ കണ്ടുകെട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം

Tuesday 13 October 2015 11:12 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനത്തിന് മുന്നോടിയായി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബ്രിട്ടണിലെ ആസ്തികള്‍ കണ്ടുകെട്ടിക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ഫയലുകള്‍ വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറും. പിടികിട്ടാപ്പുള്ളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളിയായതിനാല്‍ ഈ നീക്കത്തിന് നിയമസാധുതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദാവൂദിന് ബ്രിട്ടണിലുള്ള ആസ്തികള്‍ സംബന്ധിച്ച പട്ടിക കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുണ്ട്. കുറഞ്ഞത് 15 ആസ്തികളെങ്കിലും ദാവൂദിന് ബ്രിട്ടണിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലണ്ടനിലെ സെന്റ് ജോണ്‍ വുഡ് റോഡിലെ വലിയ ഗാരേജ് ദാവൂദും സംഘവും അവരുടെ 'ജോലി'ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഹെര്‍ബര്‍ട് റോഡ്, റിച്ച്‌മോണ്ട് റോഡ്, താര്‍ട്ടണ്‍ റോഡ്, തോംസ് വുഡ് റോഡ് എന്നിവിടങ്ങളിലും ദാവൂദിന് ആസ്തികളുണ്ട്. ഡാര്‍ട്ട് ഫോര്‍ട്ട് ഹോട്ടല്‍, ലണ്ടനിലെ റൊഹാംറ്റം ഹൈസ്ട്രീറ്റില്‍ കടകളും അപ്പാര്‍ട്ട്‌മെന്റുകളും, ലാന്‍സലോട്ട് റോഡില്‍ അപ്പാര്‍ട്ട്‌മെന്റ് എന്നിവയെല്ലാം ഏജന്‍സികളുടെ പട്ടികയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.