പിടിയിലായത് പോലീസിനെ വട്ടം കറക്കിയ വിരുതന്‍

Tuesday 13 October 2015 11:29 pm IST

കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയുടെ കൊലപാതകക്കേസിലെ പ്രതി ആട് ആന്റണി പോലീസിനെ വട്ടം കറക്കിയ വിരുതന്‍. മറ്റൊരു സുകുമാരക്കുറുപ്പായി മാറുമോയെന്ന് പൊതുസമൂഹം സംശയിച്ച ആന്റണിയുടെ അറസ്റ്റ് കേരളപോലീസിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി. ഏറ്റവുമൊടുവില്‍ നേപ്പാളിലേക്ക് കടന്നതായി പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിധിയെഴുതിയ ആട് ആന്റണിയെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. പാലക്കാട് നിന്നും അടുത്ത ദിവസം തന്നെ പ്രതിയെ പാരിപ്പള്ളിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. 2012 ജൂണ്‍ 25നാണ് മണിയന്‍പിള്ള കുത്തേറ്റ് മരിച്ചത്. ഇതിന് ശേഷം തന്ത്രപരമായി നാടുവിട്ട ആട് ആന്റണി പല വേഷങ്ങളില്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടുകൊണ്ടിരുന്നു. അന്വേഷണങ്ങള്‍ പല സ്‌ക്വാഡുകളായി നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെ ദേബേഷ്‌കുമാര്‍ ബെഹ്‌റ സിറ്റി പോലീസ് കമ്മീഷണറായിരുന്ന സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ ആട് ആന്റണിയെ പറ്റി വിവരം തേടിയെങ്കിലും നിരാശയായിരുന്നു. സംഭവദിവസം ഒമ്‌നി വാനില്‍ മോഷണലക്ഷ്യവുമായി എത്തിയപ്പോഴാണ് പ്രതി ആട് ആന്റണി, പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിയന്‍പിള്ളയെ കുത്തിയത്. കുത്തേറ്റ് റോഡില്‍ വീണ മണിയന്‍പിള്ള രക്തം വാര്‍ന്നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഎസ്എ ജോയിയെയും ആട് ആന്റണി കുത്തിയിരുന്നു. സം‘വത്തിന് ശേഷം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ജോയി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ പ്രതിക്ക് വേണ്ടി ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രത്യേകം പ്രത്യേകമായി പോലീസ് സംഘത്തെ വേര്‍തിരിച്ചായിരുന്നു അന്വേഷണം. ഈ അന്വേഷണത്തിനിടെ പ്രതിയെ കിട്ടിയില്ലെങ്കിലും പല പുതിയ വിവരങ്ങളും പോലീസ് സംഘത്തിന് ലഭിച്ചു. 17 ഭാര്യമാര്‍ ഉള്ളയാളാണ് ആട് ആന്റണിയെന്നും പല ജില്ലകളിലും മോഷണമുതലുകള്‍ സൂക്ഷിക്കാന്‍ വാടകക്ക് വീട് തയ്യാറാക്കിയിട്ടുണ്ടെന്നും ഉള്ള വിവരങ്ങള്‍ അതില്‍ പ്രധാനമാണ്. കണ്ടെയ്‌നര്‍ ലോറിയിലാണ് വാടകവീടുകളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മോഷണമുതലുകള്‍ ഈസ്റ്റ് സ്റ്റേഷന്‍ വളപ്പില്‍ എത്തിച്ചത്. നല്ലൊരുവിഭാഗം സ്ത്രീകളെയും കബളിപ്പിച്ചാണ് വിവാഹം കഴിച്ചത്. എക്‌സിക്യൂട്ടീവ് വേഷത്തില്‍ പകല്‍സമയങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും കണ്ടുവച്ചശേഷം മോഷണം എന്നതായിരുന്നു ശൈലി. ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. നൂറുകണക്കിന് കമ്പ്യൂട്ടറുകളാണ് ചെന്നൈയിലെ താവളത്തില്‍ നിന്നു മാത്രം പോലീസ് കണ്ടെടുത്ത് കൊല്ലത്ത് എത്തിച്ചത്. ഉടമകള്‍ സ്ഥലത്തെത്തി ഇത് തിരിച്ചറിയുകയും ചെയ്തു. സംഭവത്തിന് ശേഷം തിരുവനന്തപുരത്ത് ഭാര്യ സൂസനുമൊത്ത് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടെങ്കിലും കാര്യമായ അന്വേഷണപുരോഗതി നേടാനാകാത്തത് പോലീസില്‍ തന്നെ ആത്മവിശ്വാസക്കുറവുണ്ടാക്കി. പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ പോലും ഈ പ്രതിയെ പറ്റി ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.