ജനതാദള്‍ നേതാവ് സര്‍ക്കാരിനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപണം

Tuesday 13 October 2015 11:39 pm IST

തൃശൂര്‍: ജോലിക്ക് ഹാജരാകാതെ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ജില്ലാ പ്രസിഡന്റും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവുമായ യുജിന്‍ മൊറേലി സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപണം. പരിയാരം എസ്എന്‍ഡിപി എല്‍പി സ്‌കൂളിലെ അധ്യാപകനായ യുജിന്‍ മൊറേലി കഴിഞ്ഞ മുന്നു വര്‍ഷമായി അവധിയിലാണെന്നാണ് പറഞ്ഞിരുന്നത്. തനിക്ക് പകരമായി മറ്റൊരു അധ്യാപികയെ സ്‌കൂളില്‍ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു വര്‍ഷവും മാസംതോറും 36000 രൂപ ശമ്പളം കൈപ്പറ്റിയതായി രേഖകള്‍ ഉണ്ട്. വീരന്‍ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് ആയതോടെയാണ് സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം വന്ന് ഒപ്പിടുകയാണ് ചെയ്തിരുന്നതത്രെ. പ്രധാന അധ്യാപികയുമായി ഒത്തുചേര്‍ന്ന് മാനേജ്‌മെന്റ് അറിയാതെയാണ് സര്‍ക്കാരിനെ വഞ്ചിച്ച് ശമ്പളം വാങ്ങിയിരുന്നതെന്ന് പറയുന്നു. പകരക്കാരിയായ അധ്യാപികക്ക് തന്റെ ശമ്പളത്തില്‍ നിന്ന് വെറും 3500 രൂപ മാത്രമാണ് നല്‍കിയിരുന്നതെന്നും പറയുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി വരെ നിലനില്‍ക്കുന്നുണ്ട്. എതാനും ദിവസം മുമ്പ് എഇഒ സ്‌കൂളില്‍ പരിശോധനയക്ക് വരുന്ന വിവരം അറിഞ്ഞ ഇദ്ദേഹം സ്‌കൂളില്‍ എത്തിയെങ്കിലും പഠിപ്പിച്ചിരുന്നില്ലെന്ന് പറയുന്നു. ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പരാതിയും ഉണ്ടായിരുന്നു.