തൊഴില്‍ മേഖലയില്‍ കുറഞ്ഞവേതന നിയമം ഉടന്‍

Wednesday 14 October 2015 12:08 am IST

ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ദേശീയ കുറഞ്ഞവേതന നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പാകുന്നതോടുകൂടി എല്ലാ സംസ്ഥാന സര്‍ക്കാരുകളും കുറഞ്ഞവേതനം നടപ്പാക്കേണ്ടിവരും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിയമം കൊണ്ടുവരാനാണ് കേന്ദ്രതൊഴില്‍മന്ത്രാലയത്തിന്റെ നീക്കം. രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ഏറ്റവും വലിയ ആവശ്യമായ കുറഞ്ഞ വേതനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. പതിനായിരം രൂപയെങ്കിലും എല്ലാ തൊഴിലാളികള്‍ക്കും കുറഞ്ഞ  ശമ്പളമായി ലഭിക്കണമെന്ന വ്യവസ്ഥകളോടെയാണ് പുതിയ നിയമം വരുന്നത്. കുറഞ്ഞവേതനമെന്നത് സംസ്ഥാന സര്‍ക്കാരുകളാണ് നിശ്ചയിക്കേണ്ടത്. എന്നാല്‍ ദേശീയ തലത്തില്‍ കുറഞ്ഞവേതന നിയമം നടപ്പാക്കുന്നതോടെ കുറഞ്ഞവേതനം സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കേണ്ടിവരും. ഇതോടെ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ശമ്പളമായി നിശ്ചയിക്കപ്പെടും. നിയമത്തിന്റെ പിന്തുണയില്ലാതെ കുറഞ്ഞവേതനമായി ഒരു തുക നിശ്ചയിക്കാന്‍ തൊഴിലാളിനിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ദേശീയകുറഞ്ഞവേതന നിയമത്തിന്റെ അടിസ്ഥാനത്തിലാകണം സംസ്ഥാന സര്‍ക്കാരുകള്‍ കുറഞ്ഞശമ്പളം നടപ്പാക്കേണ്ടതെന്ന് കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ വിശദീകരിച്ചു. കുറഞ്ഞവേതനത്തിനായി ഒരു ഫോര്‍മുല തയ്യാറാക്കി വരികയാണ്. രണ്ടുമാസത്തിനുള്ളില്‍ ദേശീയതലത്തില്‍ കുറഞ്ഞവേതനം പ്രഖ്യാപിക്കും. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇതു നടപ്പാക്കേണ്ടിവരും, ദത്താത്രേയ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായും രാജ്യത്തെ തൊഴിലാളി സംഘടനകളുമായും വിഷയം കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നും കുറഞ്ഞവേതനം 15,000 രൂപയാക്കണം എന്നതാണ് തൊഴിലാളി സംഘടനകളുടെ ആവശ്യമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. നിലവിലെ കുറഞ്ഞവേതനം 160 രൂപയാണ്. 137ല്‍ നിന്നും 160 ആക്കി ജൂലൈ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. രാജ്യത്തെ 44 തൊഴില്‍ നിയമങ്ങള്‍ ശമ്പളം, വ്യാവസായികസഹകരണം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷിതത്വം എന്നീ നാല് സുപ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുമെന്നും കേന്ദ്രതൊഴില്‍മന്ത്രി പറഞ്ഞു. ഫാക്ടറി ലോക്കൗട്ട് പ്രഖ്യാപിച്ചാല്‍ നല്‍കേണ്ട 15 ദിവസത്തെ ശമ്പളമെന്നത് 45 ദിവസത്തെ ശമ്പളമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായും ബന്ദാരു ദത്താത്രേയ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.