സ്മാര്‍ട്ട്@ സ്‌കൂള്‍; 32 സ്ഥലത്ത് ഒരേ സമയം പ്രകാശനം

Wednesday 14 October 2015 12:06 am IST

കൊച്ചി: ജന്മഭൂമിയുടെ സ്മാര്‍ട്ട്@സ്‌കൂള്‍ ഒരേ സമയം 32 സ്ഥലങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ഇന്നലെ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണര്‍, സാംസ്‌കാരികനായകര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാദ്ധ്യാപകര്‍ തുടങ്ങിയവരാണ് പ്രകാശനകര്‍മ്മം നടത്തിയത്. വിദ്യാര്‍ത്ഥി സമൂഹം ആവേശത്തോടെ സ്മാര്‍ട്ട്@സ്‌കൂളിനെ സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ടതെല്ലാം അടുക്കോടെ, ആധികാരികതയോടെ, സമഗ്രമായി അവതരിപ്പിക്കുന്ന ഈ റഫറന്‍സ് ഗ്രന്ഥം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാണെന്ന് പ്രമുഖര്‍ സ്മാര്‍ട്ട്@സ്‌കൂള്‍ വിലയിരുത്തി അഭിനന്ദിച്ചു. വിജ്ഞാന സമ്പാദനത്തിനുള്ള വാതിലുകള്‍ പലതുണ്ടെങ്കിലും വിദ്യാര്‍ത്ഥിയ്ക്ക് അവ അടുക്കോടെ വേണ്ടവിധം ലഭ്യമാക്കാന്‍ സ്മാര്‍ട്ട് @ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ടെന്ന് പ്രധാനാധ്യാപകര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട്ട്, ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത,് കണ്ണൂരില്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഐ.എ. രത്‌നവേല്‍, തിരുവനന്തപുരത്ത്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജുനാരായണസ്വാമി, എറണാകുളത്ത്,  ജന്മഭൂമി എംഡി: എം.രാധാകൃഷ്ണന്‍, പത്തനംതിട്ടയില്‍,  ജനറല്‍മാനേജര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവരാണ് പ്രകാശനം ചെയ്തത്. പൊതുവിജ്ഞാനം, ചരിത്രം, ശാസ്ത്രം, ഭാഷ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ ആധുനികകാര്യങ്ങളും ആനുകാലികവിശേഷങ്ങളും അടങ്ങുന്നതാണ് ഈ സചിത്ര വിവരണ ഗ്രന്ഥം. ഭൂപടം, മഹാന്മാരുടെ വിശേഷങ്ങള്‍ തുടങ്ങി ലഘു വിവരണങ്ങള്‍ മുതല്‍ വിശദീകരണങ്ങള്‍ വരെയുള്ള ഗ്രന്ഥം മലയാളം- ഇംഗ്ലീഷ് ഭാഷകളിലായാണ് പ്രസിദ്ധീകരിക്കുന്നത്. മലയാളം പതിപ്പാണ് ഇന്നലെ പ്രകാശനം ചെയ്തത്. 300 രൂപയാണ് വില. 225 രൂപയ്ക്ക് പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് സൗകര്യമുണ്ടായിരുന്ന സ്മാര്‍ട്ട്@സ്‌കൂളിനു മികച്ച സ്വാഗതമാണ് വിദ്യാര്‍ത്ഥി ലോകത്തുനിന്നു ലഭിച്ചത്. അദ്ധ്യാപകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ വി. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്.