ടാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് രണ്ട് കുടുംബങ്ങള്‍ക്ക് ഭീഷണി

Wednesday 14 October 2015 9:45 am IST

പറമ്പത്ത്: വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ രണ്ടുവീട്ടുകാര്‍ക്ക് ഭീഷണിയായി. പറമ്പത്ത് അങ്ങാടിയില്‍ നിന്നുള്ള പൂളക്കൂല്‍കടവ് റോഡിലെ തേവര്‍കരിയാട്ടില്‍ ഗിരീഷിന്റെ വീട്ടുപറമ്പിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. ഉടമസ്ഥന്റെ അനുവാദമില്ലാതെയായിരുന്നു ഇത്. സാധാരണ കിരങ്കല്ല്‌കൊണ്ട് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് അതിനു മുകളിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാറ്. എന്നാല്‍ ഇവിടെ രണ്ട് പോസ്റ്റ് നാട്ടി അതില്‍ വിലങ്ങനെ ഒരു കമ്പി കെട്ടി അതിനു മുകളിലാണ് അപകടകരമായ തരത്തില്‍ സ്ഥാപിച്ചിരിക്കൂന്ന്. ഇതിന്റെ സ്റ്റേവയര്‍ തൊട്ടടുത്ത അച്യുതന്റെ വീട്ടിന്റെ നടുമുറ്റത്തുള്ള തെങ്ങിലേക്കാണ് വലിച്ചുകെട്ടിയിരിക്കുന്നത്. അതും പ്ലാസ്റ്റിക് കയറുകൊണ്ടാണ് കെട്ടിയത്. ഇതിനെ എതിര്‍ത്ത അച്യുതനോട് ഉദ്യോഗസ്ഥര്‍ തട്ടിക്കയറുകയും സ്റ്റേവയര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി കൊടുക്കുകയും ചെയ്തു. ബൈപാസ് സര്‍ജറി കഴിഞ്ഞു വിശ്രമിക്കുന്ന അച്യുതനെ കഷ്ടപ്പെടുത്തുന്ന തരത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടികള്‍. ഇതു സംബന്ധിച്ച് എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അച്യുതനെ വിളിപ്പിക്കുകയുമുണ്ടായി. സ്ഥിതിഗതികള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാനും കൂടുതല്‍ വിശദീകരണത്തിനുമായി 21 ന് എഡിഎം മുമ്പാകെ എത്തണമെന്നാവശ്യപ്പെട്ട് അച്യുതന് നോട്ടീസും ലഭിച്ചിട്ടുണ്ട്. ഗിരീഷിന്റെ നാലു സെന്റ് സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാന്‍ ബോര്‍ഡ് അധികൃതര്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ 80 മീറ്റര്‍ പടിഞ്ഞാറ് മാറി പഞ്ചായത്ത് സ്ഥലം വെറുതെ കിടക്കുന്നുണ്ടെന്നതാണ് അത്ഭുതകരമായ കാര്യം. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള ശബ്ദവും ഇടിമിന്നലുണ്ടാവുമ്പോള്‍ സംഭവിക്കുന്ന സ്‌ഫോടനവും മൂലം ഇരു വീട്ടുകാരും ഭീതിയോടെയാണ് കഴിയുന്നത്. പ്ലാസ്റ്റിക് കയറുകൊണ്ടുള്ള സ്റ്റേ വയര്‍ പൊട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തവും തങ്ങള്‍ക്കാവുമെന്ന പ്രശ്‌നവും നില നില്‍ക്കുന്നു. ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി എന്‍ജിനിയര്‍, ഉപഭോക്തൃ ഫോറം, ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഗിരീഷും അച്യുതനും.