മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉടന്‍ തുടങ്ങണം: ആക്ഷന്‍ കമ്മിറ്റി

Wednesday 14 October 2015 9:51 am IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് അനുവദിച്ച 64 കോടിയില്‍ ഭൂമി ഏറ്റെടുക്കാന്‍ ചെലവഴിച്ച 25 കോടി കഴിച്ച് 39 കോടി രൂപയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ കൈവശമുള്ള 2.82 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആദ്യം ഏറ്റെടുത്ത് റോഡിന് നല്‍കാന്‍ മുഖ്യമന്ത്രി ഒരു വര്‍ഷം മുമ്പ് നിര്‍ദ്ദേശിച്ചതാണ്. റോഡിന് നല്‍കുന്നത് കഴിച്ചുള്ള സര്‍ക്കാര്‍ ഭൂമി മതില്‍ കെട്ടി സംരക്ഷിക്കാന്‍ നാല് കോടി രൂപ ഇപ്പോള്‍ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഭൂമി റോഡിന് കൈമാറി യാത്രാ ദുരിതം അവസാനിപ്പിക്കാന്‍ തയ്യാറാവണം. മലാപ്പറമ്പ് ജംഗ്ഷന്‍ വിപുലീകരണവും ബാക്കി തുകക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിയും ഉടന്‍ ആരംഭിക്കണം. കടകള്‍ വിട്ടുകൊടുത്ത കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും പുനരധിവാസ പാക്കേജ് നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജിഎസ് നാരായണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 15ന് പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തല്‍ സമരവും 30 ലെ റോഡ് ഉപരോധവും തെരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ചതായി കമ്മിറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.