തടവിലായിരുന്ന ഇന്ത്യന്‍ നാവികരെ ഇറാന്‍ മോചിപ്പിച്ചു

Wednesday 14 October 2015 10:40 am IST

ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തോളമായി തടവിലായിരുന്ന ഒന്‍പത് ഇന്ത്യന്‍ നാവികരെ ഇറാന്‍ മോചിപ്പിച്ചു. ഇവരിന്ന് ദല്‍ഹിയില്‍ തിരിച്ചെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. നാവികരെ മോചിപ്പിച്ചതിന് ഇറാന്‍ ഭരണകൂടത്തിനും മന്ത്രി ജാവേദ് സരീഫിനും സുഷമ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇന്ധന കളളക്കടത്ത് നടത്തിയെന്ന കുറ്റത്തിനാണ് നാവികരെ ഇറാന്‍ തടവിലാക്കിയത്. കൂടാതെ 29ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും നിര്‍ദേശിച്ചിരുന്നു. ആഗസ്റ്റില്‍ ഇറാന്‍ സന്ദര്‍ശിച്ച സുഷമ നാവികരുടെ മോചനം സംബന്ധിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫുമായി ചര്‍ച്ച നടത്തിയിരുന്നു. നാവികരെ എത്രയും വേഗം മോചിപ്പിക്കണമെന്നും സുഷമ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പിന്നീട് അവര്‍ അറിയിക്കുകയുണ്ടായി. തടവിലുളള നാവികന്‍ സുശീല്‍ കപൂറിന്റെ കുടുംബത്തെയും സുഷമ പിന്നീട് സന്ദര്‍ശിച്ചിരുന്നു.