അമേരിക്കയ്ക്കും റഷ്യയ്ക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഐ‌എസ്

Wednesday 14 October 2015 1:05 pm IST

ദമാസ്കസ്: അമേരിക്കയ്ക്കും റഷ്യയ്ക്കുമെന്റിരെ ഭീകര സംഘടനയായ ഐ‌എസ് ജിഹാദിന് ആഹ്വാനം ചെയ്തു. ലോകത്താകമാനമുള്ള മുസ്ലീം യുവാക്കള്‍ അമേരിക്കക്കാര്‍ക്കും റഷ്യകാര്‍ക്കുമെതിരെ ജിഹാദിന് ഒരുങ്ങണം. ഇസ്ലാമിനെതിരെ കുരിശ് യുദ്ധം നടത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കുക തന്നെ വേണമെന്ന് ഐഎസ് നേതാവ് അബു മുഹമ്മദ് അല്‍–അദാനി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. അവിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും യുദ്ധം വിശ്വാസികള്‍ക്ക് നേരെയാണെന്നും അബു മുഹമ്മദ് പറയുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ അമേരിക്കയും റഷ്യയും ആക്രമണം ശക്തമാക്കിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഐഎസ് രംഗത്ത് എത്തിയത്. കഴിഞ്ഞ മാസം 30നാണ് റഷ്യയുടെ നേതൃത്വത്തില്‍ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത്. ശക്തമായ ആക്രമണത്തില്‍ വലിയ ആള്‍നാശമാണ് ഭീകരര്‍ക്ക് ഉണ്ടായത്. അതേസമയം, സിറിയയില്‍ ഐഎസിന്റെ കേന്ദ്രങ്ങള്‍ തകര്‍ത്ത് മുന്നേറുന്ന റഷ്യയ്ക്ക് എതിരെ കടുത്ത ആക്രമണം നടത്തണമെന്ന് അല്‍ഖ്വയ്ദയുടെ നേതൃത്വത്തിലുള്ള നുസ്‌റ സംഘത്തിന്റെ നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്ന റഷ്യാക്കാരെ കൊലപ്പെടുത്തണമെന്നും നുസ്‌റ വ്യക്തമാക്കി.