കല്‍ക്കരി കുംഭകോണം: മുന്‍ വകുപ്പു സെക്രട്ടറി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കുറ്റം ചുമത്തി

Wednesday 14 October 2015 1:20 pm IST

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്തയടക്കം ആറ് പേര്‍ക്കെതിരെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. അഴിതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്. രേഖകള്‍ ഹാജരാക്കാന്‍ 28 വരെ കോടതി സമയം അനുവദിച്ചു. ഗുപ്തയെ കൂടാതെ കല്‍ക്കരി വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ്.ക്രോഫ, മറ്റൊരു വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കെ.സി.സാമ്രിയ, കമല്‍ സ്പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ്, കെഎസ്എസ്‌പിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പവന്‍കുമാര്‍ അലുവാലിയ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയല്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. മധ്യപ്രദേശിലെ തേസ്‌ഗോര രുദ്രാപുരി ബ്ലോക്കില്‍ അനധികൃതമായി കമല്‍ സ്പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന് കല്‍ക്കരിപ്പാടം അനുവദിച്ചതായാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമിത നിരോധ നിയമത്തിലെ വകുപ്പുകള്‍ തുടങ്ങി നിരവധി വകുപ്പുകള്‍ അനുസരിച്ചാവും പ്രതികള്‍ വിചാരണ നേരിടേണ്ടിവരിക. ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ നേരത്തെ സിബി‌ഐ കോടതി നിര്‍ദേശിച്ചിരുന്നു. കല്‍ക്കരി സെക്രട്ടറിയായിരുന്ന എച്ച്.സി. ഗുപ്ത അന്ന് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തെറ്റിദ്ധരിപ്പിച്ചതായും കല്‍ക്കരിപ്പാടം അനുമതി നല്‍കുന്നതിനായി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതായും കോടതി നിരീക്ഷിച്ചു. കേസ് അവസാനിപ്പിക്കുന്നതായി സിബിഐ റിപ്പോര്‍ട്ട് നല്‍കിയിട്ടും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് ഇവരെ വിളിച്ചു വരുത്തി കേസ് തുടരാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തതെന്നായിരുന്നു ഗുപ്ത കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയെ യഥാര്‍ഥ വിവരങ്ങള്‍ ധരിപ്പിക്കാതെ കല്‍ക്കരി സെക്രട്ടറി പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.