തിരൂരില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുന്നു; മുന്നണികള്‍ക്ക് തലവേദന

Wednesday 14 October 2015 1:52 pm IST

തിരൂര്‍: നഗരസഭയും ഏഴ് പഞ്ചായത്തും ഉള്‍പ്പെടുന്ന തിരൂര്‍ മണ്ഡലത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുന്നു. മറ്റ് മുന്നണികളിലും പാര്‍ട്ടികളിലും സീറ്റ് വിഭജന ചര്‍ച്ചയും പിണക്കങ്ങളും മുറുകുമ്പോള്‍ ബിജെപിയുടെ മുന്നേറ്റം ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തലവേദന സൃഷ്ടിക്കുന്നു. നഗരസഭയിലെ 14 സ്ഥാനാര്‍ത്ഥികളെ ഇതുവരെ ബിജെപി പ്രഖ്യാപിച്ചു. നിലവിലെ കൗണ്‍സിലറായ നിര്‍മ്മല കുട്ടികൃഷ്ണനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രചരണം ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പോലും അന്തിമഘട്ടത്തിലെത്താത്ത മുന്നണികള്‍ ഭീതിയോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനം നോക്കികാണുന്നത്. തലക്കാട്, വെട്ടം, ആതവനാട്, തിരുന്നാവായ പഞ്ചായത്തുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിജെപിയുടെ കുതിപ്പ് മറ്റ് പാര്‍ട്ടി അണികളെ വരെ ആവേശത്തിലാക്കുന്ന തരത്തിലാണ്. ഇതര പാര്‍ട്ടികളില്‍ നിന്നും സമീപകാലത്ത് ബിജെപിയിലെത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയിട്ടുണ്ട്. വെട്ടം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ പ്രധാനപ്പെട്ട വനിതാ നേതാവാണ്. പ്രദേശിക നേതാക്കളടക്കം അമ്പരപ്പിലാണ്. ദേശത്തിനൊപ്പം നിലകൊള്ളുന്ന പാര്‍ട്ടിയിലേക്ക് തിരൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസന്തോറും നൂറുകണക്കിന് ആളുകളാണ് കടന്നുവരുന്നത്. കല്‍പ്പകഞ്ചേരി പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായി ബിജെപി സ്ഥാനാര്‍ത്ഥികളുടെ ബാനറുകള്‍ ഉയര്‍ന്നത് ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ ഇതുവരെ ഇവിടെ ബിജെപി മത്സരിച്ചിരുന്നില്ല. മുസ്ലീം സഹോദരങ്ങളടക്കം താമര ചിഹ്നത്തില്‍ ഇവിടെ ജനവിധി തേടുന്നു. ആതവനാട് പഞ്ചായത്തിലും സ്ഥിതി വിത്യസ്തമല്ല. തിരുന്നാവായയിലും തലക്കാടും പ്രമുഖരെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഭരണം പിടിച്ചെടുക്കാനുള്ള തരത്തിലാണ് ബിജെപിയുടെ വളര്‍ച്ച. കേരളത്തിലെ ഇരുമുന്നണികളെയും ജനങ്ങള്‍ വെറുത്തിരിക്കുന്നു. ഇതിനുള്ള ഉദാഹരണമാണ് ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്തും അക്രമം നടത്താനാണ് തിരൂരില്‍ സിപിഎമ്മിന്റെ നീക്കം. ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുള്ള ശ്രമം അവര്‍ മുറക്ക് നടത്തുന്നുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.