നവരാത്രി ഉത്സവങ്ങള്‍ക്ക് വിവിധ പരിപാടികളോടെ തുടക്കമായി

Wednesday 14 October 2015 1:55 pm IST

ആലത്തൂര്‍: ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവങ്ങള്‍ക്ക് വിവിധ പരിപാടികളോടെ തുടക്കമായി. ബാങ്ക് റോഡ് പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ നവരാത്രി ഉല്‍സവം ഗണപതിഹോമത്തോടെ ഇന്നു തുടങ്ങും.നാളെ കലശപൂജ, കലശാഭിഷേകം, നിറമാല, ദീപാരാധന, ആചാര്യവരണം എന്നിവയ്ക്ക് ശേഷം ഉല്‍സവത്തിന് കൊടിയേറും. താന്ത്രിക ചടങ്ങുകള്‍ക്ക് പുറമെ നാളെ രാവിലെ എട്ടിന് സമ്പൂര്‍ണ നാരായണീയ പാരായണം, 16 ന് ഭക്തി പ്രഭാഷണം, 17 ന് കഥകളി, 18 ന് വീണകച്ചേരി, 19 ന് ഓട്ടന്‍തുള്ളല്‍, 20 ന് നാരായണീയ പാരായണം, നൃത്തനൃത്യങ്ങള്‍, 21 ന് നൃത്തം, അന്ന് രാവിലെ നവകം, പഞ്ചഗവ്യം, വൈകിട്ട് അഞ്ചിന് നിറമാല, പള്ളിവേട്ട, അഞ്ചിന് പൂജവയ്പ്പ്, 22 ന് രാവിലെ അഞ്ച് മുതല്‍ ഗണപതിഹോമം, ആറാട്ടെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, പറവയ്പ്പ്, കൊടിയിറക്കല്‍, പ്രസാദഊട്ട്.വൈകിട്ട് നിറമാല, ആനയെഴുന്നള്ളത്ത്, വെടിക്കെട്ട്.23 ന് എഴുത്തിനിരുത്തല്‍, വാഹനപൂജ. പുതുക്കോട്: അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തന്ത്രി ജാതവേദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറി. അഞ്ചാം വിളക്കുവരെ ക്ഷേത്രത്തിനുള്ളിലും 6 ാം വിളക്കു മുതല്‍ ക്ഷേത്രത്തിനു പുറത്ത് അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ചുമാണ് എഴുന്നള്ളത്ത്, കാഴ്ചശീവേലി, ആഘോഷങ്ങള്‍ എന്നിവ നടക്കുക. തെക്കേഗ്രാമം, വടക്കേഗ്രാമം, കിഴക്കേഗ്രാമം, പടിഞ്ഞാറേ ഗ്രാമം, തൃശൂര്‍ നടുവില്‍ ദേവസ്വം, അന്നപൂര്‍ണേശ്വരി കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഉല്‍സവ നടത്തിപ്പ്. ഉല്‍സവം കൊടിയേറിയതു മുതല്‍ 22 ന് ആറാട്ടോടെ ഉല്‍സവം സമാപിക്കുന്നതു വരെ ക്ഷേത്രത്തില്‍ അന്നദാനവും നടക്കും. പട്ടാമ്പി: കൊടുമുണ്ട മണ്ണിയമ്പത്തൂര്‍ സരസ്വതിക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി ഈക്കാട്ട് നീലകണ്ഠന്‍നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ഗുരുവന്ദനം ചടങ്ങില്‍ സോപാനസംഗീതജ്ഞന്‍ പാലാ രാമപുരം പത്മനാഭമാരാരെ ആദരിച്ചു. സംസ്‌കൃതപണ്ഡിതന്‍ കെ.പി. അച്യുതപിഷാരോടി, ഡോ. സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നു വൈകീട്ട് 6.30ന് ചേര്‍ത്തല ഗോവിന്ദന്‍കുട്ടിമാരാരുടെ സംഗീതസദസ്സ്, 15ന് കലാമണ്ഡലം മാധുരിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 16ന് കഥകളി, 17ന് സുകു സോപാനത്തിന്റെ സംഗീതസദസ്സ്, 18ന് കാവ്യ അജിത്തിന്റെ സംഗീതക്കച്ചേരി, 19ന് അനന്തനാരായണന്റെ സംഗീതസദസ്സ്, 20ന് വൈകീട്ട് 5ന് കലവറനിറയ്ക്കല്‍, 6ന് ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവെപ്പ്, തുടര്‍ന്ന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി. 21ന് വൈകീട്ട് സംഗീതസദസ്സ്, 22ന് മഹാനവമിദിനത്തില്‍ രാവിലെമുതല്‍ വിശേഷാല്‍പൂജകള്‍, വൈകീട്ട് നവമിവിളക്ക്, വൈകീട്ട് 4ന് സര്‍വൈശ്വര്യപൂജ, 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി, 9ന് നൃത്താവതരണം. വിജയദശമിദിനമായ 23ന് രാവിലെ പൂജയെടുപ്പ്, രാവിലെ 7 മുതല്‍ കവി വാസുദേവന്‍പോറ്റിയുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് എന്നിവ നടക്കും.