വികസനമുരടിപ്പിനെതിരെ പുതിയ മുന്നേറ്റം

Wednesday 14 October 2015 1:57 pm IST

പാലക്കാട്: പാരമ്പര്യവും സാംസ്‌ക്കാരിക തനിമയും കൊണ്ട് വേറിട്ടു നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പാലക്കാട്ടേക്കാണ്. പ്രത്യേകിച്ചും പാലക്കാട് നഗരസഭാ തെരഞ്ഞെടുപ്പ്. നഗരസഭ ഭരിച്ച കോണ്‍ഗ്രസിന്റെ വികസനമുരടിപ്പില്‍ ജനം അമര്‍ഷരാണ്. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിലോ ആധുനിക വത്ക്കരണത്തിലോ ആവശ്യമായ ഒരു മുന്നേറ്റവും നടത്താന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നഗരം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ വികസന വിരുദ്ധതയും അഴിമതിയും, ദീര്‍ഘവീക്ഷണമില്ലായ്മയും നഗരവികസനത്തിന് തടസ്സം സൃഷ്ടിച്ചു. ഭരണം അധികാര ദുര്‍വിനിയോഗത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും മാറ്റിവച്ചു. നഗരസഭ ഭരണം കയ്യാളുന്ന യുഡിഎഫും, വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കോണ്‍ഗ്രസ് എംഎല്‍എയും പാലക്കാടിനെ പ്രതിനിധീകരിക്കുന്ന സിപിഎം എംപിഎയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ശുദ്ധജലവിതരണത്തില്‍ ഗുരുതരമായ പാളിച്ചകളാണ് നഗരസഭയിലുള്ളത്. മിക്ക ഭാഗങ്ങളിലും ആഴ്ച്ചകളോളം കുടിവെള്ളം മുടങ്ങാറുണ്ട്. നോക്കുകുത്തിയാകുന്ന തെരുവ് വിളക്കുകള്‍, നഗരത്തില്‍ ദിനം പ്രതി 40 ടണ്ണോളം വരുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പദ്ധതികളില്ല. നഗരത്തില്‍ തെരുവ്‌നായ ശല്യം രൂക്ഷമാണ്. ഇതുപരിഹരിക്കാന്‍ നടപടിയായില്ല. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ട്രാഫിക് പരിഷ്‌ക്കരണ നടപടികള്‍ ഉണ്ടാവാത്തതും നഗരത്തിലെ ഗതാഗതകുരുക്ക് രൂക്ഷമാക്കി. അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം മൂലം മഴ പെയ്യുമ്പോഴേക്കും നഗരം വെള്ളക്കെട്ടിലാവും. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുവാന്‍ നഗരസഭക്കായിട്ടില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കും സാക്ഷിപത്രങ്ങള്‍ക്കും ആഴ്ച്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. പലവാഗ്ദാനങ്ങളും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങി. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ഒത്തുതീര്‍പ്പുരാഷ്ട്രീയമാണ് ഇവിടെ. നഗരവികസനത്തിനായി യാതൊരു പങ്കും വഹിക്കാതെ യുഡിഎഫിനൊപ്പം കൂട്ടുപിടിച്ചിരിക്കുകയായിരുന്നു എല്‍ഡിഎഫ്.