സ്ഥാനാര്‍ത്ഥിയുടെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്ന് വെട്ടി; ലീഗില്‍ ആഭ്യന്തര കലഹം

Wednesday 14 October 2015 2:03 pm IST

നിലമ്പൂര്‍: നഗരസഭയില്‍ സ്‌കൂള്‍കുന്ന് നാലം ഡിവിഷനില്‍ വനിതാ സംവരണ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ച് പ്രചരണം ആരംഭിച്ച ലീഗ് വെട്ടിലായി. കഴിഞ്ഞ ദിവസം നഗരസഭയിലെ ഒന്‍പത് സ്ഥാനാര്‍ത്ഥികളെയും ലീഗ് ഹൗസില്‍ വിളിച്ചുവരുത്തി അണികളെ പരിചയപ്പെടുത്തി. അതിന് ശേഷം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് വോട്ടര്‍പ്പട്ടികയില്‍ പേരില്ലെന്ന സത്യം മനസിലാകുന്നത്. നാലാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയും ആശാ വര്‍ക്കറുകൂടിയായ റജീനയുടെ പേരാണ് പട്ടികയിലില്ലാത്തത്. പുതിയതായി പേരു ചേര്‍ക്കാനുള്ള അവസരത്തില്‍ അപേക്ഷ നല്‍കിയിരുന്നു, പക്ഷേ കുടുംബത്തിലെ മറ്റുള്ളവരുടെ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും റെജീനയുടെ പേരുമാത്രമില്ല. ഇതാണ് ലീഗിനുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ലീഗിലെ തന്നെ ഒരു വിഭാഗം മനപൂര്‍വ്വം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം. ലീഗ് അനുഭാവിയായ ബിഎല്‍ഒയെ സ്വാധീനിച്ച് റെജീനയുടെ പേര് മാത്രം പട്ടികയില്‍ നിന്ന് നീക്കം ചെയ്തതാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. കാര്യങ്ങള്‍ വഷളായതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം. നിലവിലെ നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബുവിനെ മത്സരിപ്പിക്കാനാണ് പുതിയ നീക്കം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്ല സ്വാധീനമുള്ള പ്രദേശമാണ് സ്‌കൂള്‍കുന്ന്. റെജീനയെ വഞ്ചിച്ചുകൊണ്ട് ഒരു ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചാല്‍ സ്വീകരിക്കില്ലെന്ന് ലീഗിലെ തന്നെ വനിതാ പ്രവര്‍ത്തകര്‍ തറപ്പിച്ച് പറയുന്നു.