പെരിന്തല്‍മണ്ണയില്‍ ലീഗിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നു

Wednesday 14 October 2015 2:07 pm IST

പെരിന്തല്‍മണ്ണ: മുനിസിപ്പല്‍ മുസ്ലിം ലീഗിലെ രണ്ട് ഗ്രൂപ്പുകള് ഇവയാണ്, അലിവുള്ളവരും അലിവില്ലാത്തവരും. അതായത് മന്ത്രി മഞ്ഞളാംകുഴി അലിയെ അനുകൂലിക്കുന്നവരും ''രഹസ്യമായി'' എതിര്‍ക്കുന്നവരുമാണ് ഇരുചേരിയിലും അണി നിരക്കുന്നത്. സീറ്റ് വീതം വെക്കലില്‍ അലി അനുകൂലികള്‍ യാതൊരു അലിവും ഇല്ലാതെ സീറ്റുകള്‍ കൈവശപ്പെടുത്തിയെന്നാണ് എതിര്‍വിഭാഗം പറയുന്നത്. വിജയസാദ്ധ്യതക്ക് അപ്പുറം ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രി നടത്തിയ സ്‌നേഹ സംഗമയാത്രയില്‍ ഈ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നിരുന്നു. മുമ്പ് ഇടതുപക്ഷ സഹയാത്രികനായിരുന്ന മന്ത്രിയെ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധിയാളുകള്‍ മുസ്ലിം ലീഗിലുണ്ട്. മഞ്ഞളാംകുഴി അലി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെടുത്ത അഞ്ചാം മന്ത്രി സ്ഥാനം പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ത്തെന്നാണ് അലി വിരുദ്ധര്‍ പറയുന്നത്. എന്തായാലും അലിവുള്ളവരും അലിവില്ലാത്തവരും ചേര്‍ന്ന് എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.