ജലവിതരണ പൈപ്പ് പൊട്ടി; വീടുകള്‍ക്ക് കേടുപാട്

Wednesday 14 October 2015 5:02 pm IST

പുനലൂര്‍: കുടിവെള്ള പദ്ധതിയുടെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. റോഡ് ഭാഗികമായി തകര്‍ന്നു. മുപ്പതടിയോളം ഉയരത്തില്‍ ചീറ്റിത്തെറിച്ച വെള്ളവും കല്ലുകളും സമീപത്തെ വീടുകളുടെ കേടുപാടിനും കാരണമായി. പുനലൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപം ഇന്നലെ രാവിലെ എഴുമണിയോടെയാണ് സംഭവം. ഹൈസ്‌കൂള്‍ ജങ്ഷനിലെ മുസ്ലിം പള്ളിക്ക് സമീപത്തെ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ ഹാജാറാവുത്തര്‍, ജമീല ഹൗസില്‍ സുലൈമാന്‍, ഈട്ടിവിളവീട്ടില്‍ ഇബ്രാഹിം റാവുത്തര്‍ എന്നിവരുടെ വീടുകളിലാണ് പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറുകയും ആസ്ബറ്റോസ് മേല്‍ക്കൂര ഭാഗികമായി തകരുകയും ചെയ്തത. പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. കല്ലുകളും മറ്റും വെള്ളത്തോടൊപ്പം മേല്‍ക്കൂരരയില്‍ പതിച്ചതിനെ തുടര്‍ന്നാ ണിത്. ഹൈസ്‌കൂളിന് സമീപത്തെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നും പട്ടണത്തിലേക്ക് ജലവിതരണം നടത്തുന്ന നാന്നൂറ് മില്ലിമീറ്റര്‍ വ്യാസമുള്ള ആസ്ബറ്റോസ് സിമന്റ് പൈപ്പാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. റോഡിനോട് ചേരന്ന് ഓടയും സ്ലാബുകളും തകര്‍ന്ന നിലയിലാണ്. ഗതാഗതം അല്‍പനേരത്തേക്ക് ഭാഗികമായി തടസ്സപ്പെട്ടു. സംഭവസ്ഥലവും വീടുകളും പുനലൂര്‍ എംഎല്‍എ അഡ്വ.കെ.രാജു, നഗരസഭാധ്യക്ഷ രാധാമണി വിജയാനന്ദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തി വച്ചു.