നായകന്റെ നടനം

Thursday 15 October 2015 12:17 am IST

ഇന്‍ഡോര്‍: വിമര്‍ശനങ്ങള്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കിയ നായകന്‍ എം.എസ്. ധോണിയുടെ കരുത്തില്‍ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയക്ക് തകര്‍പ്പന്‍ ജയം. 22 റണ്‍സിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). കാണ്‍പൂരില്‍ എതിര്‍ നായകന്‍ നടത്തിയ നടന താണ്ഡവം ഇന്‍ഡോറിലെ ഹൊള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ധോണി പകര്‍ത്തി. തന്റെ പ്രതിഭയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും തെല്ലും മങ്ങലേറ്റിട്ടില്ലെന്ന് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പ്രകടനം തെളയിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ മൈതാനത്തിന്റെ നാലുപാടും പറത്തി പുറത്താകെ 92 റണ്‍സെടുത്ത ധോണിയുടെ ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു ഇന്ത്യ. നായകന്റെ മനമറിഞ്ഞ് ബൗളര്‍മാരും പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 225ല്‍ അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം നേടി ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലും, ഭുവനേശ്വര്‍ കുമാറും ദക്ഷിണാഫ്രിക്കന്‍ മാര്‍ച്ച് പാസ്റ്റിന് കൊടി വീശി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ മുന്‍നിരയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. തന്റെ മൂന്നാം നമ്പറിലെ സ്ഥാനം അര്‍ത്ഥവത്തെന്ന് തെളിയിച്ച് അര്‍ധശതകം തികച്ച അജിങ്ക്യ രഹാനെയാണ് മുന്‍നിരയില്‍ പോരാട്ടം നയിച്ചത്. 63 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സ് നേടി രഹാനെ. സ്‌കോര്‍ 102ല്‍ നില്‍ക്കെ രഹാനെ മടങ്ങിയ ശേഷം നായകന്റെ രക്ഷാപ്രവര്‍ത്തനം. സ്‌കോര്‍ 82ല്‍ നില്‍ക്കെ വീണ്ടും നിരാശപ്പെടുത്തി വിരാട് കോഹ്‌ലി (12) മടങ്ങിയ ശേഷം അഞ്ചാമനായാണ് ധോണി ക്രീസിലെത്തിയത്. ആറിന് 124 എന്ന നിലയില്‍ നില്‍ക്കെ, സ്‌കോര്‍ 150ല്‍ താഴെ ഒതുങ്ങും എന്ന സ്ഥിതിയില്‍ ഭുവനേശ്വര്‍ (14), ഹര്‍ഭജന്‍ (22), ഉമേഷ് യാദവ് (നാല്), മോഹിത് (പൂജ്യം നോട്ടൗട്ട്) എന്നിവരെ കൂടെ നിര്‍ത്തി ധോണി ടീമിനെ 247ലെത്തിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 86 പന്തില്‍ ഏഴു ഫോറും നാല് സിക്‌സറുമടക്കം 92 റണ്‍സോടെ അജയ്യനായി ക്രീസിലുണ്ടായിരുന്നു നായകന്‍. ഹര്‍ഭജനൊപ്പം എട്ടാം വിക്കറ്റില്‍ 56 റണ്‍സും, മോഹിതിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി അവസാന വിക്കറ്റില്‍ 22 റണ്‍സും സംഭാവന ചെയ്തു ധോണി. ശിഖര്‍ ധവാന്‍ (23), ഭുവനേശ്വര്‍ കുമാര്‍ (14), അക്ഷര്‍ പട്ടേല്‍ (13) എന്നിവരും രണ്ടക്കം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്ല്‍ സ്റ്റെയ്ന്‍ മൂന്നും, മോണി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വീതവും, കാഗിസോ റബഡ ഒന്നും വിക്കറ്റെടുത്തു. ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. എതിരാളികളെ നിലയുറപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. അപകടകാരികളായ ഹാഷിം അംല (17), ഹാഫെ ഡ്യുപ്ലെസിസ് (51), ജെ.പി. ഡുമിനി (36) എന്നിവരുടെ വിക്കറ്റ് പിഴുത് അക്ഷര്‍ പോരാട്ടം നയിച്ചു. ഡ്യുപ്ലെസിസ്-ഡുമിനി സഖ്യം അപകട ഭീഷണി ഉയര്‍ത്തുമ്പോഴാണ് അക്ഷര്‍ ഇവരെ പിരിച്ചത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (34) മികച്ച തുടക്കം ലഭിച്ച ശേഷം മടങ്ങി. നായകന്‍ എ.ബി. ഡിവില്ലേഴ്‌സിനാകട്ടെ കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. 19 റണ്‍സെടുത്ത ഡിവില്ലേഴ്‌സിനെ മോഹിത് ശര്‍മ കവറില്‍ വിരാടിന്റെ കൈകളിലെത്തിച്ചു. വാലറ്റത്ത് പുറത്താകെ 19 റണ്‍സെടുത്ത കാഗിസോ റബഡ ഭീഷണിയുയര്‍ത്തിയെങ്കിലും കൂട്ടുനില്‍ക്കാന്‍ ആരുമുണ്ടായില്ല. മൂന്നാം മത്സരം ഞായറാഴ്ച രാജ്‌കോട്ടില്‍. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ രോഹിത് ശര്‍മ ബി റബഡ 3, ശിഖര്‍ ധവാന്‍ സി ഡുമിനി ബി മോര്‍ക്കല്‍ 23, അജിങ്ക്യ രഹാനെ ബി ഇമ്രാന്‍ താഹിര്‍ 51, വിരാട് കോഹ്‌ലി റണ്ണൗട്ട് (ബെഹര്‍ദെയ്ന്‍/സ്റ്റെയ്ന്‍/ഡി കോക്ക്) 12, എം.എസ്. ധോണി നോട്ടൗട്ട് 92, സുരേഷ് റെയ്‌ന സി ഡി കോക്ക് ബി മോര്‍ക്കല്‍ 0, അക്ഷര്‍ പട്ടേല്‍ എല്‍ബിഡബ്ല്യു ബി സ്റ്റെയ്ന്‍ 13, ഭുവനേശ്വര്‍ കുമാര്‍ ബി ഇമ്രാന്‍  താഹിര്‍ 14, ഹര്‍ഭജന്‍ സിങ് സി ഡി കോക്ക് ബി സ്റ്റെയ്ന്‍ 22, ഉമേഷ് യാദവ് സി ഡി കോക്ക് ബി സ്റ്റെയ്ന്‍ 4, മോഹിത് ശര്‍മ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247. വിക്കറ്റ് വീഴ്ച: 1-3, 2-59, 3-82, 4-102, 5-104, 6-124, 7-165, 8-221, 9-225. ബൗളിങ്: ഡെയ്ല്‍ സ്റ്റെയ്ന്‍ 10-0-49-3, കാഗിസോ റബഡ 10-1-49-1, മോണി മോര്‍ക്കല്‍ 10-0-42-2, ജെ.പി. ഡുമിനി 9-0-42-2, ഇമ്രാന്‍ താഹിര്‍ 10-1-42-2, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ 1-0-4-0. ദക്ഷിണാഫ്രിക്ക ഹാഷിം അംല സ്റ്റംപ്ഡ് ധോണി ബി അക്ഷര്‍ 17, ക്വിന്റണ്‍ ഡി കോക്ക് സി മോഹിത് ബി ഹര്‍ഭജന്‍ 34, ഹാഫെ ഡ്യുപ്ലെസിസ് സി വിരാട് ബി അക്ഷര്‍ 51, ജെ.പി. ഡുമിനി എല്‍ബിഡബ്ല്യു ബി അക്ഷര്‍ 36, എ.ബി. ഡിവില്ലേഴ്‌സ് സി വിരാട് ബി മോഹിത് 19, ഡേവിഡ് മില്ലര്‍ സി ധോണി ബി ഭുവനേശ്വര്‍ 0, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ സി ധോണി ബി ഹര്‍ഭജന്‍ 18, ഡെയ്ല്‍ സ്റ്റെയ്ന്‍ സി വിരാട് ബി ഉമേഷ് 13, കാഗിസോ റബഡ നോട്ടൗട്ട് 19, ഇമ്രാന്‍ താഹിര്‍ സി ധോണി ബി ഭുവനേശ്വര്‍ 9, മോണി മോര്‍ക്കല്‍ സി റെയ്‌ന ബി ഭുവനേശ്വര്‍ 4, എക്‌സ്ട്രാസ് 5, ആകെ 43.4 ഓവറില്‍ 225ന് പുറത്ത്. വിക്കറ്റ് വീഴ്ച: 1-40, 2-52, 3-134, 4-141, 5-142, 6-167, 7-186, 8-200, 9-221, 10-225. ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 8.4-0-41-3, ഉമേഷ് യാദവ് 8-0-52-1, ഹര്‍ഭജന്‍ സിങ് 10-0-51-2, അക്ഷര്‍ പട്ടേല്‍ 10-0-39-3, മോഹിത് ശര്‍മ 5-0-21-1, സുരേഷ് റെയ്‌ന 2-0-18-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.