മണ്ണഞ്ചേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഐ പത്രിക നല്‍കി

Wednesday 14 October 2015 8:35 pm IST

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി തര്‍ക്കം. നേരത്തെ ആര്‍എസ്പി മത്സരിച്ചിരുന്ന 13-ാം വാര്‍ഡിനെച്ചൊല്ലിയാണ് എല്‍ഡിഎഫിലെ ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച് എല്‍ഡിഎഫ് എന്ന നിലയില്‍ വാര്‍ഡില്‍ പ്രചരണം തുടങ്ങിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ ഇന്നലെ നോമിനേഷന്‍ സമര്‍പ്പിച്ചു. സിപിഐ വടക്കനാര്യാട് ലോക്കല്‍ കമ്മിറ്റിയംഗമായ പി. സലിയാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്. സിപിഐ നിലവില്‍ മത്സരിച്ചിരുന്ന വാര്‍ഡുകള്‍ കൂടാതെ ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍ ഒഴിവുവന്ന 13-ാം വാര്‍ഡ് തങ്ങള്‍ക്ക് നല്കണമെന്ന് സീറ്റുനിര്‍ണയം നടത്തുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തീരുമാനമാകാതെ വന്നതോടെ മണ്ഡലംതല കമ്മറ്റിക്ക് വിഷയം വിടുകയും ഇവിടെയും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലാ നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടുകയുമായിരുന്നു. ജില്ലാതലത്തില്‍ ഉണ്ടായ ധാരണപ്രകാരം ചേര്‍ത്തല മണ്ഡലത്തില്‍ ഒരു സീറ്റ് ഇതിന് പകരമായി വിട്ടുനല്‍കാമെന്ന് ധാരണയായിരുന്നതായി സിപിഐ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎം തയാറാകാതെ വന്നതോടെയാണ് സിപിഐ ഒറ്റയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.