കലാം സ്മാരക റോഡ്: ഹര്‍ജി തള്ളി

Wednesday 14 October 2015 9:17 pm IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ റോഡിന് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരു നല്‍കിയതിനെതിരെയുള്ള പൊതു താത്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഒരു പൊതു താത്പര്യവുമില്ലെന്നു വിലയിരുത്തിയാണ് കോടതി നടപടി. ഔറംഗസേബ് റോഡിനെ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ നിന്ന് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെ തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. റോഡിന്റെ പേരു മാറ്റുന്നതിനു പിന്നില്‍ വര്‍ഗ്ഗീയ രാഷ്ട്രീയമാണെന്ന് ഹര്‍ജിക്കാരന്റെ വക്കീല്‍ വാദിച്ചു. എന്നാല്‍ കാര്യങ്ങളെല്ലാം വിശകലനം ചെയ്തതില്‍ ഹര്‍ജിയില്‍ ഒരു പൊതു താത്പര്യവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു കോടതി വ്യക്തമാക്കി. വ്യക്തിതാത്പര്യം മാത്രമേ പരാതിയില്‍ കാണാന്‍ കഴിയുന്നുള്ളുവെന്നും ഇത്തരത്തിലെ ശ്രമങ്ങളെ പ്രോത്സാഹിക്കാനാവില്ലെന്നും കോടതി തറപ്പിച്ചു പറഞ്ഞു. ബിജെപി എംപിമാരായ മഹേഷ്  ഗിരി, മീനാക്ഷ ലേഖി എന്നിവരുടെ ശുപാര്‍ശ പ്രകാരം ആഗസ്ത് 28നാണ് ഔറംഗസേബ് റോഡിന്റെ പേര് കലാം റോഡെന്നു മാറ്റിയത്. സിക്കു ഗുരുവായ തേജ് ബഹാദൂറിന്റെ പേര് റോഡിനു നല്‍കണമെന്ന ചിലരുടെ സമാനമായ ആവശ്യവും കോടതി നേരത്തെ നിരാകരിക്കുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.