സഭയ്ക്കുണ്ടായ അപകീര്‍ത്തികള്‍ക്ക് മാപ്പ് ചോദിച്ച് മാര്‍പ്പാപ്പ

Wednesday 14 October 2015 9:21 pm IST

റോം: കത്തോലിക്ക സഭയെയും വത്തിക്കാനെയും പിടിച്ചുകുലുക്കിയ അപമാനകരമായ സംഭവങ്ങളില്‍ വിശ്വാസികളോട് പോപ്പ് ഫ്രാന്‍സിസ് മാപ്പു ചോദിച്ചു. വത്തിക്കാനിലും സഭയിലും അടുത്തിടെ അരങ്ങേറിയ അഴിമതികള്‍  റോമിനെയും നഗരഭരണ സംവിധാനത്തെയും ഉലച്ചതായും പോപ്പ് വ്യക്തമാക്കി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിനെയും വത്തിക്കാനെയും കേന്ദ്രീകരിച്ചുണ്ടായ അഴിമതികളില്‍ പള്ളിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, പോപ്പ് പറഞ്ഞു. അഴിമതികള്‍ നടക്കുന്നത് എപ്പോഴും തടയാനാവില്ല. എന്നാല്‍   അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണോ അയാള്‍ക്ക് വിപത്തുകളുണ്ടാകുമെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. വൈദികരുടെ സാമ്പത്തികത്തട്ടിപ്പ്, ലൈംഗിക ആരോപണങ്ങള്‍, സ്വവര്‍ഗരതി, രഹസ്യരേഖകളുടെ ചോര്‍ച്ച എന്നിവ കത്തോലിക്ക സഭയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പ്രതികരണം.