കോണ്‍ഗ്രസില്‍ തമ്മിലടി തീരുന്നില്ല; മന്ത്രിയ്ക്കും പരാതി

Wednesday 14 October 2015 9:25 pm IST

പത്തനംതിട്ട: കോണ്‍ഗ്രസില്‍ തമ്മിലടി തീരുന്നില്ല. ജില്ലാപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിടരുതെന്ന നിര്‍ദ്ദേശം തര്‍ക്കം തീര്‍ക്കാര്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച. അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന് മന്ത്രി അടൂര്‍പ്രകാശിന് പരാതി. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എന്നിവര്‍ക്ക് മന്ത്രി പരാതി നല്‍കി, അതിനിടെ നിലവിലെ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരേ വിമതനായി രംഗത്ത്. ഘടകക്ഷിയുടെ സീറ്റില്‍ ഭാര്യയെ മത്സരിപ്പിക്കാനും നീക്കം. ഇങ്ങനെ യുഡിഎഫിലേയും പ്രത്യേകിച്ച് കോണ്‍ഗ്രസിലേയും തര്‍ക്കം ജില്ലയില്‍ തീരുന്നില്ല. ശിവദാസന്‍നായര്‍ എംഎല്‍എയ്ക്ക് നല്‍കിയ പരിഗണനയുടെ 20 ശതമാനമെങ്കിലും മന്ത്രിയായ തനിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ലഭിക്കുന്നില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പരാതി. മന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ അന്യസ്ഥലത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് കുത്തിനിറച്ചെന്നും മന്ത്രിയ്ക്ക് ആക്ഷേപമുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിയ്ക്കുമടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. പത്തനംതിട്ട നഗരസഭയില്‍ സീറ്റ് തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് നിലവിലെ ചെയര്‍മാന്‍തന്നെ വിമതനായി രംഗത്തെത്തിയിട്ടുണ്ട്. നഗരസഭയിലെ 25 ാം വാര്‍ഡില്‍ റോഷന്‍നായരാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയത്രേ. എന്നാല്‍ ഇവിടെ നിലവിലുള്ള ചെയര്‍മാന്‍ എ.സുരേഷ് കുമാറും പത്രിക നല്‍കിയിട്ടുണ്ട്. 24 ാം വാര്‍ഡില്‍ എ.സുരേഷ് കുമാറിന്റെ ഭാര്യ അഡ്വ.ഗീതാ സുരേഷും പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സീറ്റില്‍ ആര്‍എസ്പിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആര്‍എസ്പിയിലെ ഷാഹിദാ ഷാനവാസ് ഇവിടെ പത്രിക നല്‍കിയിട്ടുണ്ട്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഇന്നലേയുംതര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ച എല്ലാവരോടും പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതോടെ ഒരേ സീറ്റിലേക്ക് ഒന്നിലധികം കോണ്‍ഗ്രസ് നേതാക്കള്‍ പത്രിക സമര്‍പ്പിച്ചു. ഇനി ചര്‍ച്ചയിലൂടെ ഇവരെ പിന്‍വലിപ്പിക്കേണ്ടിവരും.