ജില്ലയില്‍ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 12 ഇടത്തുള്‍പ്പെടെ ജില്ലയില്‍ എങ്ങും റിബലുകള്‍

Wednesday 14 October 2015 9:37 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനുമകത്തെ തെരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. ഘടകകക്ഷികള്‍ക്ക് വീതിച്ചു നല്‍കിയ സീറ്റുകളെച്ചൊല്ലിയും കോണ്‍ഗ്രസ്സിനകത്ത് ഗ്രൂപ്പുകള്‍ക്ക് സീറ്റു ലഭിക്കാത്തതിനെ ചൊല്ലിയുമുള്ള പ്രശ്‌നങ്ങള്‍ക്ക് പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെയും പരിഹാരമായില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ നിരവധി റിബല്‍ സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിനും മുന്നണി നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്. കോര്‍പ്പറേഷന്‍ പരിധിയിലെ പഴയ പള്ളിക്കുന്ന് പഞ്ചായത്ത് പരിധിയില്‍ മാത്രം എഴോളം എ വിഭാഗം നേതാക്കളാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയിരിക്കുന്നത്. എ വിഭാഗം നേതാക്കള്‍ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രകടനമായി എത്തിയാണ് കണ്ണൂരില്‍ ഇവര്‍ പത്രിക സമര്‍പ്പിക്കുന്നത്. ഇതിനു പുറമേ കോര്‍പ്പറേഷനകത്തെ കാനത്തൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് റിബലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ പാനൂര്‍, ഇരിക്കൂര്‍ തുടങ്ങി ജില്ലയിലെ പല പഞ്ചായത്തുകളിലും മുന്നണിയിലെ ഘടകകക്ഷിയായ ലീഗും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. രണ്ടു കക്ഷികളിലും പെട്ട സ്ഥാനാര്‍ത്ഥികള്‍ ഇരിക്കൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പത്രിക നല്‍കി സജീവമായി പ്രവര്‍ത്തന രംഗത്തിറങ്ങിയിരിക്കുകയാണ്. നിലവിലുള്ള സിറ്റിങ്ങ് മെമ്പര്‍മാര്‍ക്ക് സീറ്റ് നല്‍കാത്തതും മറ്റ് സ്ഥലങ്ങളില്‍നിന്നെത്തിയ നേതാക്കള്‍ക്ക് സീറ്റുകള്‍ വീതം വെച്ചു നല്‍കുകയും ചെയ്തതാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെടാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ പത്രികാ സമര്‍പ്പണം കഴിഞ്ഞതിനു ശേഷവും പ്രശ്‌നപരിഹാരം തേടി കോണ്‍ഗ്രസ് നേതാക്കള്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ കൊടുത്ത പത്രികകള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പലയിടങ്ങളിലും എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സുകാര്‍. ആന്തൂര്‍ ഉള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതും യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ ജില്ലയിലെ മിക്ക മേഖലകളിലും കോണ്‍ഗ്രസ്സും സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥികളും തമ്മില്‍ ചതുഷ്‌കോണ മത്സരം നടക്കുന്ന സ്ഥിതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.