ജില്ലയില്‍ ബിജെപി മുന്നേറ്റത്തെ തടയാന്‍ കോമാലീ സഖ്യത്തിന്റെ ശ്രമം: ബിജെപി

Wednesday 14 October 2015 9:55 pm IST

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബിജെപിക്കെതിരെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും ചേര്‍ന്നുള്ള കോമാലീ സഖ്യം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. ഇടതുമുന്നണിക്കും യുഡിഎഫിനും ബദലായി കാസര്‍കോട് ജില്ലയില്‍ ബിജെപി ശക്തമായ മുന്നേറ്റമായിരിക്കും നടത്താന്‍ പോവുക. ഇത് മുന്നില്‍ കണ്ട് സിപിഎം കോണ്‍ഗ്രസ് ലീഗ് ശക്തികേന്ദ്രങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥികളെ അവര്‍ മത്സരിപ്പിക്കുകയാണ്.
മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, വെള്ളൂര്‍, കുമ്പടാജെ പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലുമെല്ലാം ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയാണ്. സിപിഎമ്മും ലീഗും രഹസ്യ ധാരണയിലേര്‍പെട്ടാണ് ഈ അവശുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളും ഇതിന് പിന്തുണ നല്‍കുകയാണ്. ചിലയിടങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥികളെങ്കില്‍ മറ്റിടങ്ങളില്‍ ദുര്‍ബലമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രഹസ്യമായ ധാരണകളും ബിജെപിക്കെതിരെ കൊണ്ടു നടക്കുന്നു.
ബിജെപി പൊതുവായി എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ അത് തുറന്ന് പറയാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാകണം. അത് പരസ്യമായി തുറന്ന് പറഞ്ഞ് ജനങ്ങളോട് വോട്ട് ചോദിക്കാന്‍ ഇരു മുന്നവണികളും തയ്യാറാകണം. ബിജെപിക്കെതിരെ ഇങ്ങനെയൊരു സഖ്യം മത്സരിക്കുന്നതില്‍ ആക്ഷേപമില്ല. എന്നാല്‍ ഇക്കാര്യം തുറന്നു പറയാനുള്ള രാഷ്ട്രീയ മര്യാദ എല്‍ഡിഎഫും യുഡിഎഫും കാണിക്കണം. രഹസ്യധാരണ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലുമെല്ലാം ബിജെപിയുടെ മത്സരം സുതാര്യമാണ്. എല്ലായിടങ്ങളിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെ ഒറ്റയ്ക്കാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ചിലയിടങ്ങളില്‍ എസ്എന്‍ഡിപി പോലുള്ള സംഘടനകളുമായി സഖ്യത്തിലേര്‍പെട്ടുകൊണ്ടുള്ള നീക്കു പോക്കുകളുമുണ്ട്. യാദവസഭ, യോഗക്ഷേമ സഭ, വിശ്വകര്‍മ്മ സമുദായം, ന്യൂനപക്ഷവിഭാഗം തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ബിജെപിക്കുള്ള ജനപിന്തുണ തന്നെയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ വെളിപ്പെടുത്തും. രാഷ്ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുമുന്നണികളും തയ്യാറാകണം. ഇവരുടെ നിലപാടുകള്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ തുടരാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. ജില്ലയുടെ വികസനത്തിന് വേണ്ടി ബിജെപിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരത്തില്‍വരേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ഈ തിരിച്ചറിവ് ശക്തമാകുമ്പോള്‍ അത്തരമൊരു ജനവികാരത്തെ തോല്‍പിക്കാനും വഞ്ചിക്കാനും രാഷ്ട്രീയ കൊലപാതകങ്ങളെ പോലും മറയാക്കിയുള്ള രഹസ്യ ധാരണകളാണ് ഇവിടെ നടക്കുന്നത്.
മഞ്ചേശ്വരം പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളിലും എല്‍ഡിഎഫ്  യുഡിഎഫ് ധാരണയുണ്ട്. പുത്തിഗെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ധാരണയാണ്. ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തുകയെന്ന ലക്ഷ്യത്തോടെ ആത്മവിശ്വാസം കൈമുതലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്് ബിജെപി നടത്തുന്നത്. ജില്ലയില്‍ ഏറ്റവും അധികം വോട്ടുകളുള്ള പാര്‍ട്ടിയും ബിജെപിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളം വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതിലും അധികം വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയിട്ടുണ്ടെങ്കിലും അത് മുന്നണി സംവിധാനത്തില്‍ മാത്രമാണെന്നും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി ശക്തമാണെന്നതിന് ഇത് തെളിവാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കരുത്ത് എല്ലാവരും മനസ്സിലാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീളാ നായക്ക്, ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് എന്നിവര്‍ സംബന്ധിച്ചു