സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ലീഗില്‍ പൊട്ടിത്തെറി രൂക്ഷം: രണ്ട് പേര്‍ രാജിവെച്ചു

Wednesday 14 October 2015 10:01 pm IST

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയനവുമായി ബന്ധപ്പെട്ട് ലീഗില്‍ പൊട്ടെത്തെറി രൂക്ഷമായി. ലീഗില്‍ നിന്ന് പ്രമുഖരായ രണ്ട് നേതാക്കള്‍ രാജിവെക്കുകയും ചെയ്തു. യുവാക്കള്‍ക്കായി സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബിദുള്ളയുടെ കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ പടിഞ്ഞാറ് സീറ്റില്‍ കെ.എ.അബ്ദുള്‍ റഹ്മാനെ മത്സരിപ്പിക്കണെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
എംഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി മജീബ് തളങ്കരയുടെ മകന്‍ മുജീബ് തശങ്കരയെ തളങ്കര സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യമുമായി ഒരു വിഭാഗം ലീഗ് ജില്ലാ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. കുടാതെ ലീഗിന്റെ പച്ചകൊട്ടകളെന്ന് അവകാശപ്പെടുന്ന തുരുത്തി, ബദിര സീറ്റുകളില്‍ തര്‍ക്കം രൂക്ഷമായതിനാല്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാകാതെ ലീഗ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം പക്ഷപാതം കാട്ടിയെന്നു ആരോപിച്ച് മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫിഹാജി കട്ടക്കാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബെണ്ടിച്ചാലില്‍ ഷാഫിയെ പരിഗണിക്കുമെന്ന് പാര്‍ട്ടി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്തിമ ലിസ്റ്റില്‍ ഷാഫി ഹാജിയെ തഴഞ്ഞ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി.കബീറിനെയാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. പാര്‍ട്ടി നിയോഗിച്ച പാര്‍ലമെന്ററി കമ്മിറ്റി അറിയാതെ മറ്റു പലരുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന് ഷാഫി ആരോപിച്ചു. ബെണ്ടിച്ചാലില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി അംഗമായ പി ബി അഹമ്മദ് മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി ജില്ലാ പ്രസിഡന്റിന് നല്‍കിയതായാണ് വിവരം. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നയ സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അദ്ദേഹം നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്ന പി.ബ.അഹമ്മദ് അഞ്ച് വര്‍ഷം മുമ്പാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുര്‍ റസാഖിന്റെ സഹോദരനാണ് പി.ബി.അഹമ്മദ്. അഹമ്മദിന്റെ രാജി തീരുമാനം ലീഗ് നേതാക്കളില്‍ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. ചെങ്കള പഞ്ചായത്തില്‍ ശക്തമായ സ്വാധീനമുള്ള പി.ബി.അഹമ്മദിന്റെ രാജി മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേതാക്കളുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചുള്ള ഇവരുടെ രാജിവെക്കല്‍ ലീഗ് നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന വലിയ പൊട്ടിത്തെറികളുടെ ആരംഭമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു.
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.