കുറ്റിക്കോലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അവതാളത്തില്‍

Wednesday 14 October 2015 10:00 pm IST

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം അവതാളത്തിലായി. മൂസ്ലീംലീഗിനും കേരളാകോണ്‍ഗ്രസിനും അര്‍ഹമായ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇരു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മത്സരിച്ച മൂന്നാം വാര്‍ഡ് അന്ന് എല്‍ഡിഎഫിലായിരുന്ന ആര്‍എസ്പിക്ക് നല്‍കുകയും മറ്റൊരു വിജയ സാധ്യതയുള്ള സീറ്റ് നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളാകോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവായ ബലരാമന്‍ നമ്പ്യാര്‍ക്ക് മാനടുക്കത്ത് സീറ്റു നല്‍കാനുള്ള തീരുമാനവും അവിടുത്തെ പ്രാദേശിക പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായി. വാര്‍ഡില്‍ ഉള്‍പ്പെടാത്ത ബലരാമന്‍ നമ്പ്യാര്‍ക്ക് സീറ്റു നല്‍കിയാല്‍ തങ്ങള്‍ പ്രവര്‍ത്തനത്തില്‍നിന്നും വിട്ട് നില്‍ക്കുമെന്ന് കാണിച്ച് പ്രവര്‍ത്തകര്‍ ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
എട്ടാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനീഷ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനവും പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരിക്കുകയാണ്. നാലാം വാര്‍ഡില്‍ ഉള്‍പ്പെടാത്ത അണ്ണപ്പാടി ഷാഫിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ വാര്‍ഡ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും രാജിക്കൊരുങ്ങി. പത്താം വാര്‍ഡില്‍ മിനി ചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമല്ലാതായതിനെത്തൂടര്‍ന്ന് പ്രതിസന്ധിയിലായി. മറ്റ് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തിയെങ്കിലും മേല്‍പ്പറഞ്ഞ വാര്‍ഡുകളിലെ തര്‍ക്കം പരിഹരിക്കാനാകാത്തതിനാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.