കാരായിക്ക് കെട്ടിവെയ്ക്കാന്‍ ടി.പത്മനാഭന്‍ പണം നല്‍കിയെന്നത് വ്യാജം : നല്‍കിയത് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട്

Wednesday 14 October 2015 10:12 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന സിപിഎം നേതാവും തലശ്ശേരിയിലെ ഫസല്‍ വധക്കേസിലെ പ്രതിയുമായ കാരായി ചന്ദ്രശേകരന് പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം നല്‍കിയെന്ന പ്രചരണം വ്യാജം. തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാന്‍ കോടതിയുടെ അനുമതിയോടെ കണ്ണൂരിലെത്തിയ കാരായി രാജന്‍ ജില്ലാ കലക്‌ട്രേറ്റിലെത്തി പത്രിക നല്‍കിയ ശേഷം മത്സരിക്കുന്ന വിവരം പത്മനാഭനെ അറിയിക്കാന്‍ വീട്ടില്‍ പോവുകയായിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പത്മനാഭന്‍ സംഭാവന നല്‍കാറുണ്ട് .അതുപോലെ ഇത്തവണയും സംഭാവന നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കാരായിയുടെ കൂടെ ഉണ്ടായിരുന്ന നേതാക്കന്മാരെ ഏല്‍പ്പിച്ച തുകയാണ് കെട്ടിവെയ്ക്കാനുളള തുകയായി വ്യാഖ്യാനിച്ചത്. ഇത്തരത്തില്‍ നല്‍കിയ സംഭാവനയെ പാര്‍ട്ടി നോതാക്കള്‍ ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കാരായിമാര്‍ക്ക് കെട്ടിവെയ്ക്കാന്‍ പണം നല്‍കിയെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പത്മനാഭനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.