പരിസ്ഥിതി ഘാതകര്‍ക്ക് കടുത്ത ശിക്ഷ വരുന്നു

Wednesday 14 October 2015 10:16 pm IST

പരിസ്ഥിതി സംരക്ഷണമാണ് സമൂഹത്തിന്റെ ഇന്നത്തെ പ്രഥമ കടമ. പരിസ്ഥിതി നാശം മഹാപാപമാണെന്നാണ് അടുത്തിടെ മാര്‍പ്പാപ്പപോലും പ്രസ്താവിച്ചത്. മാര്‍പ്പാപ്പയുടെ സഭയില്‍പ്പെട്ടവര്‍ നമ്മുടെ രാജ്യത്ത് അതെത്രമാത്രം മുഖവിലക്കെടുക്കുമെന്നറിയില്ല. സമൂഹത്തിന്റെ പരിരക്ഷയ്ക്കും ജീവജാലങ്ങളുടെ നിലനില്‍പ്പിനും പരിസ്ഥിതി സംരക്ഷണവും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഇന്നു കണ്ടുവരുന്നതുപോലെയുള്ള പരിസ്ഥിതിനാശം സര്‍വവിനാശത്തിലേക്ക് നയിക്കും. അതിനെ ഫലപ്രദമായി നേരിടാന്‍ ലോകമാകെ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും മലകളും പുഴകളും മരങ്ങളും ഇല്ലായ്മ ചെയ്യാന്‍ സംഘടിത ശ്രമംതന്നെ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. പല്ലും നഖവുമുള്ള നിയമത്തിന്റെ കരടുരൂപമായി. ബഹുജനങ്ങള്‍ക്കും നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി നശീകരണം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവും 20 ലക്ഷം രൂപവരെ പിഴയും പരമാവധി ലഭിക്കാവുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യുകയാണ്. ഇതിനായി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയം പുതിയ ബില്ലിന്റെ കരട് പുറത്തിറക്കി. പരിസ്ഥിതി നിയമ ഭേദഗതി 2015 എന്ന ബില്ലിന്മേല്‍ സര്‍ക്കാര്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ ഉദ്ദേശിക്കുകയാണ്. നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷാ രീതികളിലും മാറ്റം വരും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള നശീകരണത്തിന് അഞ്ചുകോടി രൂപ പിഴ ഒടുക്കേണ്ടിവരും. ഇതുവേണമെങ്കില്‍ 10 കോടി രൂപ വരെയാകാം. കേസിനിടെ നിയമലംഘനം തുടര്‍ന്നാല്‍ ദിവസേന 50 ലക്ഷം വരെ പിഴയീടാക്കും. അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ളതിന് 10 മുതല്‍ 15 വരെ കോടി പിഴ, ദിവസേന പിഴ 75 ലക്ഷം രൂപ. 10 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയില്‍ 15 മുതല്‍ 20 കോടി രൂപ വരെ പിഴ. ദിവസേന ഒരുകോടിയും നല്‍കണം. ജയില്‍ ശിക്ഷ ചുരുങ്ങിയത് ഏഴുവര്‍ഷം, കൂടിയത് ജീവപര്യന്തം. കുറ്റക്കാര്‍ക്ക് പിഴയോ, തടവോ മാത്രമായോ, രണ്ടും കൂടിയോ ലഭിക്കാം. ക്വാറി, ഖനന മേഖലകള്‍ക്കും കര്‍ശന നിയന്ത്രണം നിര്‍ദേശിക്കുന്ന ബില്ലില്‍ ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത െ്രെടബ്യൂണല്‍ വഴി മാത്രം സ്വീകരിക്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവെക്കണമെന്നും നിര്‍ദേശമുണ്ട്. 2010ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍  നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ കരട് ബില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ജില്ലാ ജഡ്ജി അധ്യക്ഷനായ രണ്ടംഗങ്ങളില്‍ കുറയാത്ത കമ്മിറ്റികളോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട അധികാരികളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം നിയോഗിക്കുന്ന സമിതികളോ ആയിരിക്കും ശിക്ഷ വിധിക്കുക. പരിസ്ഥിതി നാശം വരുത്തിയെന്നു ബോധ്യമായവരെ വിളിച്ചുവരുത്തുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമുളള അധികാരവും ഈ സമിതികള്‍ക്കുണ്ട്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്ന തടവുശിക്ഷ അതേപടി നിലനിര്‍ത്തിയാണ് കൂടുതല്‍ ശിക്ഷാവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരട് നിയമം സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും പരാതികളുമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ കേന്ദ്ര വനം, പരിസ്ഥിതി സെക്രട്ടറിയെ കത്ത് മുഖേനയോ ഇ മെയില്‍ വഴിയോ അറിയിക്കാനാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ക്കായി കൊണ്ടുവരുന്ന നിര്‍ദ്ദേശങ്ങളും നിയമങ്ങളും കണ്ണുമടച്ച് എതിര്‍ക്കുക എന്ന സമീപനമാണ് കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചുവരുന്നത്. പരിസ്ഥിതി സംരക്ഷണ നിയമംപോലെ വളരെ സുപ്രധാന നിയമനിര്‍മാണങ്ങളെയും എതിര്‍ക്കുന്ന സമീപനമാണോ അവര്‍ സ്വീകരിക്കുക എന്നറിയാനിരിക്കുന്നതേയുള്ളു. ഏതായാലും പാര്‍ട്ടികള്‍ എന്ത് നിലപാട് സ്വീകരിച്ചാലും ഭാവിയെക്കുറിച്ച് ആശങ്കയുള്ള സര്‍വ്വമാന ജനങ്ങളും പരിസ്ഥിതിഘാതകര്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കണമെന്ന അഭിപ്രായത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുമെന്നുറപ്പാണ്.