പത്രികാ സമര്‍പ്പണം കഴിഞ്ഞു കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി സ്ഥാനാര്‍ത്ഥികളുടെ പ്രളയം

Wednesday 14 October 2015 10:32 pm IST

എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി വന്നവരെല്ലാം പത്രിക നല്‍കി. സമവായങ്ങളും ചര്‍ച്ചകളും ഘടകകക്ഷികളുടെ സമ്മര്‍ദ്ദവും ഇരുമുന്നണികളേയും പിടിച്ചുകുലുക്കിയ തെരഞ്ഞെടുപ്പാണ് പ്രകടമായത്. സീറ്റ് വാഗ്ദാനം നല്‍കിയ പല സ്ഥാനാര്‍ത്ഥികളെയും അവസാന നിമിഷം തട്ടിക്കളഞ്ഞാണ് മുന്നണികള്‍ക്ക് ഭീഷണിയായത്. പലവാര്‍ഡുകളിലും ഇത്തരത്തില്‍ സീറ്റ് ലഭിക്കാതിരുന്ന മുന്‍ പഞ്ചാത്തംഗങ്ങളുള്‍പ്പെടെയുള്ള നിരവധി പേരാണ് അവസാന നിമിഷം പത്രിക നല്‍കിയത്. കോണ്‍ഗ്രസില്‍ ആരൊക്കെയാണ് പത്രിക നല്‍കിയതെന്നോ ഏതൊക്കെ വാര്‍ഡിലേക്കാണോ പത്രിക നല്‍കിയതെന്നോ നേതാക്കള്‍ക്ക് പോലും തിരിച്ചറിയാത്ത അവസ്ഥയാണ് ഗ്രാമപഞ്ചായത്തിലുള്ളത്. തര്‍ക്കങ്ങളായ സീറ്റുകളിലടക്കം ബഹളംവച്ചവരെക്കൊണ്ട് പത്രിക നല്‍കിച്ചും അടുത്ത ചര്‍ച്ചകളില്‍ സമവാക്യങ്ങളുണ്ടാക്കി മത്സരിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നിലപാട് എന്നും നേതാക്കള്‍ തന്നെ പറയുന്നു. ഇതിനിടെ 23 വാര്‍ഡില്‍ 16ലും ബിജെപി സ്ഥാനാര്‍ത്ഥികളും 6 സീറ്റില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയും നിര്‍ത്തി 22 സീറ്റിലും കടുത്തമത്സരമാണ് ഒരുക്കിയിരിക്കുന്നത്. എല്‍ഡിഎഫില്‍ സിപിഎം 17 സീറ്റിലും സിപിഐ 5 സീറ്റിലും ഒരെണ്ണം കേരളകോണ്‍ഗ്രസ് സെക്കുലറിനും നല്‍കിയാണ് രംഗത്തുള്ളത്. എന്നാല്‍ എല്‍ഡിഎഫിലെ ഘടകകക്ഷിയായ സെക്കുലറിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് 5 സീറ്റില്‍ മത്സരിക്കാന്‍ പത്രിക നല്‍കിക്കഴിഞ്ഞു. യുഡിഎഫിലെ ഘടകകക്ഷിയായ ആര്‍എസ്പിയും എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദള്‍ സെക്കുലറും സിഎസ്ഡിഎസ് എന്ന സംഘടനയും ചേര്‍ന്ന് ചെറുപാര്‍ട്ടി മുന്നണിയുണ്ടാക്കി 9 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. മുന്നണികളിലെ ഗ്രൂപ്പിസവും ഘടകകക്ഷികള്‍ തമ്മിലുള്ള വടംവലിക്കും പല പ്രമുഖ നേതാക്കളായ സ്ഥാനാര്‍ത്ഥികളുടെയും ജയ-പരാജയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ചിലവാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനും പരാജയപ്പെടുത്താനും മുന്നണി നേതാക്കള്‍ തന്നെ രംഗത്തിറങ്ങാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നതെന്നും നാട്ടുകാരും പറയുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും വാശിക്കും പത്രിക നല്‍കിയവര്‍ വിലപേശലുകള്‍ക്ക് ശേഷം പത്രിക പിന്‍ വലിച്ചുകഴിഞ്ഞാല്‍ മാത്രമേ മുന്നണി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വ്യക്തത ഉണ്ടാവുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.