മുന്നണികളില്‍ തര്‍ക്കം തുടരുന്നു

Wednesday 14 October 2015 10:38 pm IST

വാഴൂര്‍: പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇടതു-വലതു മുന്നണികളില്‍ അന്തിമ തീരുമാനമായില്ല. 13 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഇരു മുന്നണികളിലും ഡിവിഷനുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും ചുരുക്കം ചില ഡിവിഷനുകളെ സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത്തരം ഡിവഷനുകളില്‍ ഇരുമുന്നണികളിലെയും വിവിധ കക്ഷികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട തീയതിക്കു മുമ്പ് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ പി.സി. തോമസ് വിഭാഗം മത്സരിച്ച മണിമല ഡിവിഷന്‍ സംബന്ധിച്ചാണ് മുന്നണിയില്‍ ചര്‍ച്ച നടക്കുന്നത്. ഇത് ചൊവ്വാഴ്ചയോടു കൂടി പരിഹരിക്കാന്‍ കഴിയുമെന്ന് നേതാക്കള്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്ക് ബിജെപി പി.സി. തോമസ് വിഭാഗത്തിനു കൂടി സീറ്റുകള്‍ നല്‍കി എന്‍ഡിഎ സഖ്യമായിട്ടാണ് മത്സരിക്കുന്നത്. ഇവര്‍ പത്രികകള്‍ നല്‍കി.