അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസ്‌കൃത ചിത്രത്തിന് വിലക്ക്

Wednesday 14 October 2015 11:42 pm IST

കൊച്ചി: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംസ്‌കൃത ചിത്രമായ പ്രിയമാനസത്തിന് വിലക്ക്. മേളയിലേക്ക് ആദ്യം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സിനിമ പിന്നീട് ചിലരുടെ താത്പര്യ പ്രകാരമാണ് ഒഴിവാക്കിയത്. ഉണ്ണായി വാര്യരുടെ ജീവിതത്തെ ആധാരമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത സിനിമയാണ് പ്രിയമാനസം. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്  സംവിധായകനെ അറിയിക്കുകയായിരുന്നു.  ഹൈന്ദവ ബിംബങ്ങളുള്ളതിനാലാണ് ഒഴിവാക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ അറിയിച്ചതായി സംവിധായകന്‍ പറഞ്ഞു. നളചരിതത്തിന്റെ രചനാ വേളയില്‍ ഉണ്ണായിവാര്യര്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 35 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്ത് പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് പ്രിയമാനസം. ഇന്ത്യന്‍ സിനിമ വിഭാഗത്തിലേക്കാണ് പ്രിയമാനസം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മലയാളം ഒഴികെ രാജ്യത്തെ മറ്റു ഭാഷാ സിനിമകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. സംസ്‌കൃത സിനിമയെ ഈ ഭാഷാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകില്ല എന്ന വിചിത്രമായ ന്യായവും ചലച്ചിത്ര അക്കാദമി മുന്നോട്ട് വക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഉണ്ണായി വാര്യര്‍ ജീവിതകാലമത്രയും ചെലവഴിച്ചത് ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിലും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലുമായാണ്. ക്ഷേത്രത്തിലെ മാലകെട്ടി ഉപജീവനം നടത്തിയിരുന്ന വാര്യരുടെ ജീവിതം പൂര്‍ണ്ണമായും ഈ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഉണ്ണായി വാര്യരുടെ ജീവിതം സിനിമയാക്കുമ്പോള്‍ ക്ഷേത്രങ്ങളും.  അക്കാലത്തെ ഹൈന്ദവ സാമൂഹ്യ ജീവിതവും സിനിമയുടെ ഭാഗമാകും.  കലാരൂപം എന്ന നിലയില്‍ നോക്കിക്കാണുന്നതിനു പകരം സങ്കുചിത താത്പര്യത്തോടെയാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ചിലര്‍ പ്രവര്‍ത്തിച്ചത് എന്നും സംവിധായകന്‍ വിനോദ് മങ്കര കുറ്റപ്പെടുത്തി. സംസ്‌കൃത സിനിമക്ക്  അമേരിക്ക, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലെ ചലച്ചിത്ര മേളകളിലേക്കു ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ട്്്. ചിത്രത്തിന് സംസ്‌കൃത പോഷണത്തിനായുള്ള ധനസഹായവും അമേരിക്കന്‍ സാംസ്‌കാരിക വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്്്. അക്കാദമി നിര്‍ദ്ദേശിച്ച നിബന്ധനകളെല്ലാം പാലിച്ച് പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ട സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിനു പിന്നില്‍ സാംസ്‌കാരിക ഫാസിസറ്റ് മനോഭാവമാണ്. പ്രിയമാനസം പ്രഥമിക റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നുവെന്നും  പിന്നെ എങ്ങനെയാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് അറിയില്ലെന്നും ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ പറഞ്ഞു. ഒഴിവാക്കാനുള്ള തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് ഷാജി.എന്‍.കരുണ്‍ സംവിധായകന്‍ വിനോദ് മങ്കരയോടും വെളിപ്പെടുത്തിയത്. സംവിധായകന്‍ മോഹന്‍, നീലന്‍, എം.ആര്‍. രാജീവ്, ദീദി ദാമോദരന്‍ എന്നിവരടങ്ങിയ സബ്കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.